വനിതാ ചെസ് ലോകകപ്പ് സെമിയിലേക്ക് രണ്ട് ഇന്ത്യൻ റാണിമാർ

Monday 21 July 2025 10:38 PM IST

ഹംപിക്ക് പിന്നാലെ ദിവ്യ ദേശ്മുഖും സെമിയിൽ

ബാതുമി : ജോർജിയയിൽ നടക്കുന്ന വനിതാ ചെസ് ലോകകപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരങ്ങളായ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും സെമിഫൈനലിലെത്തി. ഇതാദ്യമായാണ് ഇന്ത്യൻ താരങ്ങൾ വനിതാ ചെസ് ലോകകപ്പിൽ സെമിഫൈനൽ കാണുന്നത്.

കഴിഞ്ഞ ദിവസം നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ ചൈനയുടെ സോംഗ് യുക്സിനെ മറികടന്നാണ് ഹംപി സെമിയിലെത്തിയത്. യുക്സിനുമായി ഒന്നാം ഗെയിമിൽ ജയിച്ച ഹംപി, രണ്ടാം ഗെയിമിൽ സമനില പിടിച്ച് ഒന്നര പോയിന്റോടെയാണ് സെമി ബെർത്ത് ഉറപ്പിച്ചത്. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ഇന്ത്യ വനിതാ ഗ്രാൻഡ്മാസ്റ്ററാണ് ഹംപി. നിലവിലെ ലോക റാപ്പിഡ് ചെസ് ചാമ്പ്യനും 38കാരിയായ ഹംപിയാണ്. 2023ൽ ഡി.ഹരിക ക്വാർട്ടർ ഫൈനലിൽ എത്തിയതായിരുന്നു ലോകകപ്പിലെ ഇതിനുമുമ്പുള്ള ഒരു ഇന്ത്യൻ താരത്തിന്റെ വലിയ നേട്ടം. സെമിയിൽ ടോപ് സീഡ് ചൈനീസ് താരം ലീ ടിംഗ്ജീയാണ് ഹംപിയുടെ എതിരാളി.

ഇന്നലെ നടന്ന മറ്റൊരു ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ തന്നെ ഡി. ഹരികയെ മറികടന്നാണ് 19കാരിയായ ദിവ്യ സെമിയിലെത്തിയത്. 38കാരിയായ ഹരികയ്ക്ക് എതിരെ രണ്ട് ഗെയിമുകളിലും ജയിച്ചത് ദിവ്യയാണ്. സെമിയിൽ ചൈനീസ് താരം ലീ ടിംഗ് ജീയാണ് ദിവ്യയുടെ എതിരാളി.