സുധീറിന് തീരുന്നില്ല സങ്കടം...

Tuesday 22 July 2025 1:38 AM IST

പള്ളുരുത്തി: വി.എസിന്റെ വിയോഗത്തിൽ സങ്കടമൊഴിയുന്നില്ല പള്ളുരുത്തിലെ രുദ്രയോഗ സെന്ററിലെ യോഗാചാര്യനായ വി.എസ് സുധീറിന്. വ‍ർഷങ്ങളായി വി.എസിന്റെ യോഗയും ഭക്ഷണക്രമവും നിയന്ത്രിച്ചിരുന്നത് സുധീറാണ്. പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ് വി.എസ് സുധീറിനെ പരിചയപ്പെടുന്നത്. ആലുവ ഗസ്റ്റ് ഹൗസിൽ എത്തുമ്പോൾ ഒഴിവുസമയം അനുസരിച്ച് സുധീറിനെ വിളിപ്പിക്കും. അവിടെ പോയി യോഗ അഭ്യസിപ്പിക്കും. പിന്നീട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം 2006ൽ അദ്ദേഹം സുധീറിന്റെ യോഗാസെന്ററിലുമെത്തി.

യോഗ കൊണ്ട് നേടിയ മനോബലവും പ്രകൃതിവിഭവങ്ങളുടെ ഊർജവുമായിരുന്നു ആ വിപ്ളവസൂര്യന്റെ ശക്തിയെന്ന് സുധീർ പറയുന്നു. എത്ര തിരക്കാണെങ്കിലും ശരീരവും മനസും ആരോഗ്യവും പരിപാലിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. വി.എസ്.സുധീറിനൊപ്പം തൃശൂരിലെ ഡോ. ജോഷി വർഗീസ് വി.എസിന്റെ മെനു നിയന്ത്രിച്ചു. ചായ,​ കാപ്പി പൂർണമായും ഒഴിവാക്കി. പൊതു പരിപാടികളിൽ കരിക്ക് വെള്ളം മുഖ്യ പാനീയമാക്കി. ഇഷ്ടഭക്ഷണമായ മീൻ കറി ഉൾപ്പെടെ നോൺവെജ് പൂർണമായും ഒഴിവാക്കി.