നാലാമങ്കം നാളെമുതൽ

Monday 21 July 2025 10:41 PM IST

ഇന്ത്യ ഇംഗ്ളണ്ട് നാലാം ടെസ്റ്റ് നാളെ മാഞ്ചസ്റ്ററിൽ തുടങ്ങുന്നു

ഇന്ത്യയെ വലച്ച് പരിക്കുകൾ, നിതീഷ് റെഡ്ഡി മടങ്ങും

മാഞ്ചസ്റ്റർ : അഞ്ചുമത്സര പരമ്പരയിൽ 2-1ന് പിന്നിൽ നിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം നാളെമുതൽ ഇംഗ്ളണ്ടിനെതിരെ നാലാം ടെസ്റ്റിന് ഇറങ്ങുന്നു. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോൾഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകൾക്ക് പരിക്കുകളാണ് ഭീഷണിയായിരിക്കുന്നത്.

കഴിഞ്ഞദിവസം പരിശീലനത്തിനിടെ ആൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് പരിക്കേറ്റതാണ് ഒടുവിലത്തെ പ്രഹരം. അതിനുമുമ്പ് പേസർ അർഷ്ദീപ് സിംഗിന്റെ ബൗൾ ചെയ്യുന്ന കൈക്ക് മുറിവേറ്റിരുന്നു. ആകാശ് ദീപ് സിംഗിന് നടുവിന് ചെറിയ പരിക്കുകളുണ്ട്. ഫിറ്റ്നെസ് പ്രശ്നങ്ങളാൽ ജസ്പ്രീത് ബുംറ ഇനിയുള്ള രണ്ട് ടെസ്റ്റുകളിൽ ഒന്നിൽ മാത്രമേ കളിക്കുകയുള്ളൂ. അത് മാഞ്ചസ്റ്ററിൽ ആയിരിക്കുമെന്നാണ് ഇന്നലെ പത്രസമ്മേളനത്തിൽ സഹപേസർ സിറാജ് പറഞ്ഞത്. ലോഡ്സിൽ വിരലിന് പരിക്കേറ്റ റിഷഭ് പന്ത് മാഞ്ചസ്റ്ററിൽ ബാറ്ററായി മാത്രം ഇറങ്ങുമോ വിക്കറ്റ് കീപ്പറായും കളിക്കുമോ എന്നതിലും അന്തിമ തീരുമാനം വരേണ്ടതുണ്ട്.

നിതീഷിന് പരമ്പരയിൽ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിലും കളിക്കാൻ കഴിയില്ലെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. താരം നാട്ടിലേക്ക് മടങ്ങും. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ മുറിവേറ്റ അർഷ്ദീപിന്റെ കൈയിൽ തുന്നലിട്ടിരിക്കുകയാണ്. അർഷ്ദീപിന് പകരം ഇന്ത്യയിൽ നിന്ന് ടീമിലേക്ക് വിളിപ്പിച്ച അൻഷുൽ കാംബോജ് മാഞ്ചസ്റ്ററിലെത്തി പരിശീലനം തുടങ്ങിയിട്ടുണ്ട്.

അരങ്ങേറുമോ അൻഷുൽ

ബുറം, നിതീഷ്, ആകാശ് ദീപ്, അർഷ്ദീപ് എന്നിവരുടെ പരിക്കുകളുടെ സാഹചര്യത്തിൽ അ​ൻ​ഷു​ലി​ന് ​ഇം​ഗ്ള​ണ്ടി​ൽ​ ​ടെ​സ്റ്റ് ​അ​ര​ങ്ങേ​റ്റ​ത്തി​നു​ള്ള​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​ക​ഴി​ഞ്ഞ​മാ​സം​ ​ഇ​ന്ത്യ​ ​എ​ ​ടീ​മി​നൊ​പ്പം​ ​ഇം​ഗ്ള​ണ്ട് ​പ​ര്യ​ട​നം​ ​ന​ട​ത്തി​യ​ 24​കാ​ര​നാ​യ​ ​അ​ൻ​ഷു​ൽ​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​ഞ്ചു​പോ​യി​ന്റ് ​നേ​ടി​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​സീ​സ​ൺ​ ​ര​ഞ്ജി​ ​ട്രോ​ഫി​യി​ൽ​ ​അ​ൻ​ഷു​ൽ​ ​ഒ​രു​ ​ഇ​ന്നിം​ഗ്സി​ലെ​ 10​ ​വി​ക്ക​റ്റു​ക​ളും​ ​സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.​ ​ഈ​ ​സീ​സ​ൺ​ ​ഐ.​പി.​എ​ൽ​ ​ചെ​ന്നൈ​ ​സൂ​പ്പ​ർ​ ​കിം​ഗ്സി​ന് ​വേ​ണ്ടി​ ​എ​ട്ടു​മ​ത്സ​ര​ങ്ങ​ളി​ൽ​ ​എ​ട്ടു​വി​ക്ക​റ്റു​ക​ൾ​ ​നേ​ടി​യി​രു​ന്നു.

പ്ളേയിംഗ് ഇലവൻ

തലവേദന

മാഞ്ചസ്റ്ററിൽ പ്ളേയിംഗ് ഇലവനെ തിരഞ്ഞെടുക്കുന്നതാണ് ഇന്ത്യയുടെ തലവേദന. യശസ്വി,ഗിൽ, കെ.എൽ രാഹുൽ എന്നിവർക്കൊപ്പം കരുൺ നായരെ നിലനിറുത്തണോ സായ് സുദർശനെ കളിപ്പിക്കണോ എന്ന സംശയമുണ്ട്. നിതീഷിന് പകരം പേസ് ബൗളിംഗ് ആൾറൗണ്ടറായി ശാർദൂൽ താക്കൂറിനെ കളിപ്പിക്കണോ വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് ഇവരിൽ ആർക്കെങ്കിലും അവസരം നൽകിയാൽ മതിയോ എന്നും ചർച്ചയുണ്ട്. പേസർമാരുടെ കാര്യവും വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേലിനെ കൊണ്ടുവരുന്നതുമൊക്കെ കോച്ച് ഗംഭീറിന് തലവേദനയാകുന്നുണ്ട്.

സമ്മർദ്ദത്തിൽ ഗംഭീർ

ഇംഗ്ളണ്ടിനെതിരായ അഞ്ചുമത്സരപരമ്പരയിലെ രണ്ടാം തോൽവിയാണ് ഇന്ത്യ ലോഡ്സിൽ ഏറ്റുവാങ്ങിയത്. ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലായി അഞ്ച് സെഞ്ച്വറികൾ പിറന്നിട്ടും ഇന്ത്യയ്ക്ക് ജയിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ബർമിംഗ്ഹാമിൽ വിജയം നേടിയതോടെ ഗംഭീറിന് അൽപ്പം ആശ്വാസമായിരുന്നു. ആ ആശ്വാസമാണ് ലോഡ്സിൽ നഷ്ടമായത്.

  • ഗംഭീറിന് കീഴിൽ കളിച്ച 12 ടെസ്റ്റുകളിൽ ഇന്ത്യയ്ക്ക് ജയിക്കാനായത് മൂന്നെണ്ണത്തിൽ മാത്രമാണ്.
  • സ്വദേശത്തും വിദേശത്തുമായി എട്ടാമത്തെ തോൽവിയായിരുന്നു ലോഡ്സിലേത്. ഒരു സമനിലയും വഴങ്ങി.
  • ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിൽ മൂന്നുടെസ്റ്റുകൾ തുടർച്ചയായി തോറ്റത് വലിയ നാണക്കേടായി മാറി.
  • ഇന്ത്യൻ മണ്ണിൽ വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയത്.
  • അതിന് പിന്നാലെയാണ് ഓസ്ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് പരമ്പര തോറ്റത്.

ഇന്ത്യ ജയിക്കാത്ത മാഞ്ചസ്റ്റർ

മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോൾഡ് സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്ക് ഇതുവരെ ടെസ്റ്റ് വിജയം നേടാനായിട്ടില്ല.

9 ടെസ്റ്റുകളാണ് ഇന്ത്യ ഇതുവരെ ഇവിടെ ഇംഗ്ളണ്ടിനെതിരെ കളിച്ചത്. അതിൽ നാലെണ്ണത്തിൽ ഇംഗ്ളണ്ട് ജയിച്ചു. അഞ്ചെണ്ണം സമനിലയിലായി.

2014ലാണ് ഇന്ത്യ ഇവിടെ അവസാനമായി ടെസ്റ്റ് കളിച്ചത്. അന്ന് ധോണി നയിച്ച ഇന്ത്യ ഇന്നിംഗ്സിനും 54 റൺസിനുമാണ് തോറ്റത്.