ഒരു കുട്ട ലേലത്തില്‍ പോയത് 5500 രൂപയ്ക്ക്; ഇപ്പോള്‍ ഇഷ്ട മത്സ്യം വാങ്ങാന്‍ തിരക്കോട് തിരക്ക്

Monday 21 July 2025 10:42 PM IST

കണ്ണൂര്‍: ഒരു കിലോ ഗ്രാമിന് 366 രൂപ നിരക്കില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കുട്ട മീന്‍ ലേലത്തില്‍ പോയത് 5500 രൂപയ്ക്കാണ്. മലയാളിയുടെ ഇഷ്ടവിഭവമായ മത്തിക്കാണ് ഈ തീവില രണ്ട് ദിവസം മുമ്പ് വരെ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ആയിക്കര തീരത്ത് മത്തിച്ചാകര വന്നതോടെ കഥ മാറി. ഇപ്പോള്‍ തീരത്ത് രാവിലെ മുതല്‍ മീന്‍ വാങ്ങാന്‍ എത്തുന്നവരുടെ വന്‍ തിരക്കാണ്. ലഭ്യത കൂടിയതോടെ മത്തിക്ക് വിലയും കുറഞ്ഞിട്ടുണ്ട്. കിലോയ്ക്ക് 20 രൂപയ്ക്ക് വരെ ഇവിടെ മീന്‍ കിട്ടുന്നുണ്ട്.

കുറഞ്ഞ വിലയില്‍ മീന്‍ കിട്ടുന്ന വിവരമറിഞ്ഞ് കൂടുതല്‍ പേരാണ് തീരത്തേക്ക് മീന്‍ വാങ്ങാനായി എത്തുന്നത്. എന്നാല്‍ ചാകര വന്നതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയാണ് വിലയുടെ കാര്യത്തില്‍. ഇടനിലക്കാര്‍ കിലോയ്ക്ക് 100 രൂപയ്ക്ക വരെ മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തുമ്പോള്‍ ലാഭം മുഴുവന്‍ ഇടനിലക്കാര്‍ കൊണ്ടുപോകുന്നതാണ് പൊതുവേ കേരളത്തിലെ അവസ്ഥ. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന മത്തിയേക്കാള്‍ കൂടുതല്‍ മലയാളികള്‍ക്ക് പ്രിയം കേരള തീരത്ത് നിന്ന് ലഭിക്കുന്ന മത്തിയോടാണ്.

12 വര്‍ഷത്തിനുശേഷം കേരള തീരത്ത് വലിയ മത്തി ലഭ്യമായി തുടങ്ങി. കാലാവസ്ഥ വ്യതിയാനംമൂലം മത്തി ലഭ്യത മുന്‍വര്‍ഷങ്ങളില്‍ കുറഞ്ഞിരുന്നു. ലഭിക്കുന്ന മത്തിക്കാകട്ടെ വലിപ്പവും കുറവായിരുന്നു. ഇപ്പോള്‍ മത്സ്യബന്ധനത്തിന് പോകുന്ന പരമ്പാരഗത മത്സ്യത്തൊഴിലാളികള്‍ക്ക് 14സെന്റീമീറ്റര്‍ വരെ വലിപ്പമുള്ള മത്തി ലഭിക്കുന്നുണ്ട്. ഒരാഴ്ച മുമ്പ് 470 രൂപയ്ക്കായിരുന്നു ഒരു കിലോ മത്തിയ്ക്ക് വില. ഇന്നലെ ഇത് 300 രൂപയായി കിറഞ്ഞു. താപനില ഉയര്‍ന്നപ്പോള്‍ മത്തിയുടെ പ്രധാന ആഹാരമായ സസ്യ പ്ലവകങ്ങളും ഇല്ലാതെയായിരുന്നു.

ഈ ഏപ്രില്‍മുതല്‍ നന്നായി മഴ ലഭിച്ചതോടെ മത്തിയ്ക്ക് ആഹാരം ലഭിച്ചുതുടങ്ങി. ഇതാണ് വലിപ്പമുള്ള മത്തി എത്താന്‍ കാരണമായത്. കേരളത്തില്‍ മത്തി ലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്ടിലെ രാമേശ്വരം, കടലൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ നിന്നാണ് മത്തി എത്തിച്ചിരുന്നത്. ഇവിടങ്ങളില്‍ മത്തിക്ക് ആവശ്യക്കാര്‍ കുറവാണ്. പ്രതിവര്‍ഷം ഒമ്പതേകാല്‍ ലക്ഷം ടണ്‍ മത്സ്യമാണ് കേരളത്തിനാവശ്യം. ഇതില്‍ 6.5 ലക്ഷം ടണ്‍ മാത്രമായിരുന്നു കേരളതീരത്തുനിന്ന് ലഭിക്കുന്നത്. ബാക്കി തമിഴ്‌നാട്, ആന്ധ്ര, ഒഡിഷ, ഗോവ തീരങ്ങളില്‍ നിന്നാണെത്തുന്നത്.