ജനമനസുകളിൽ എന്നെന്നും തലയെടുപ്പോടെ , സ്നേഹ സഖാവേ ലാൽസലാം
തിരുവനന്തപുരം: കേരളം കണ്ട കമ്മ്യൂണിസ്റ്റ് നേതാക്കളിൽ അനിഷേദ്ധ്യൻ. അനീതിക്കെതിരെ ജീവിതകാലം മുഴുവൻ പോരാടിയ പാവപ്പെട്ടവരുടെ രക്ഷകൻ. പുന്നപ്ര വയലാർ സമരനായകൻ. ജനമനസുകളിൽ എന്നെന്നും തലയെടുപ്പോടെ നിലകൊള്ളുന്ന നമ്മുടെ മുൻ മുഖ്യമന്ത്രി. പ്രിയ വി.എസ് സഖാവേ, ലാൽസലാം.
2006 മേയ് 18ന് കേരളത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്റിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 83 വയസായിരുന്നു. ഏറ്റവും കൂടിയ പ്രായത്തിൽ കേരളത്തിലെ മുഖ്യമന്ത്റിയായ വ്യക്തി. പട്ടം എസ്.യു.ടി ആശുപത്രിയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3.20നായിരുന്നു ഇതിഹാസതുല്യമായ ജീവിതത്തിന് തിരശ്ശീല വീണത്. 102 വയസായിരുന്നു. ഭാര്യ വസുമതിയും മക്കളായ വി.എ.അരുൺകുമാറും വി.വി. ആശയും സമീപത്തുണ്ടായിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 23 നാണ് പട്ടം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചു ദിവസങ്ങളായി ആരോഗ്യനില തീർത്തും മോശമായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞതോടെ നില കൂടുതൽ വഷളായി അന്ത്യം സംഭവിച്ചു.
ഭാര്യ വസുമതി അച്യുതാനന്ദൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് നഴ്സിംഗ് സൂപ്രണ്ടായാണ് വിരമിച്ചത്.
മകൻ വി.എ.അരുൺകുമാർ ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഇൻ ചാർജാണ്.മകൾ ഡോ.ആശ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി മുൻ സയന്റിസ്റ്റാണ്. മരുമക്കൾ: ഡോ.തങ്കരാജ് (യൂറോളിസ്റ്റ്, ജനറൽ ഹോസ്പിറ്റൽ, തിരുവനന്തപുരം), ഡോ.രജനി (ജനറൽ ഹോസ്പിറ്റൽ , തിരുവനന്തപുരം).
തയ്യക്കൽക്കാരനിൽ നിന്ന് മുഖ്യമന്ത്രിക്കസേരയിലേക്കുവരെയുള്ള യാത്ര പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. പോരാട്ടവീര്യവും നിശ്ചയദാർഢ്യവുമായിരുന്നു കൈമുതൽ.
അമ്പലപ്പുഴ താലൂക്കിലെ പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ വെന്തലത്തറ വീട്ടിൽ (പിന്നീട് വി.എസ്.താമസിച്ച വീടാണ് വേലിക്കകത്ത്) ശങ്കരന്റെയും അക്കമ്മയുടെയും അഞ്ചു മക്കളിൽ രണ്ടാമനായി 1923 ഒക്ടോബർ 20ന് തുലാമാസത്തിലെ അനിഴം നക്ഷത്രത്തിൽ ജനനം. നാലു വയസുള്ളപ്പോൾൾ അമ്മ വസൂരി ബാധിച്ച് മരിച്ചു. പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതോടെ ജ്യേഷ്ഠന്റെയും പിതൃസഹോദരിയുടെയും സംരക്ഷണയിൽ വളർന്നു. ഏഴാം ക്ളാസിൽ വിദ്യാഭ്യാസം നിലച്ചു. ജൗളിക്കട നടത്തുകയും തയ്യൽ പഠിപ്പിക്കുകയും ചെയ്തിരുന്ന ജ്യേഷ്ഠൻ വി.എസ്.ഗംഗാധരനൊപ്പം തയ്യൽ ജോലി ചെയ്തു.പിന്നീട് കയർഫാക്റ്ററിയിലും പണിയെടുത്തു.
1952ൽ ഡിവിഷൻ സെക്രട്ടറി
1952ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി . 1954ൽ പാർട്ടി സംസ്ഥാന കമ്മറ്റി അംഗം. 1956ൽ ആലപ്പുഴ ജില്ല സെക്രട്ടറിയായതോടൊപ്പം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1959ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗം. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതോടെ സി.പി.എം കേന്ദ്രക്കമ്മറ്റിയംഗമായി.
1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിന് വഴിവച്ച ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ച 32 അംഗങ്ങളിൽ ശേഷിച്ച അവസാനത്തെ നേതാവായിരുന്നു. 1964 മുതൽ 1970 വരെ സി.പി.എം ആലപ്പുഴ ജില്ല കമ്മറ്റിയുടെ ആദ്യ സെക്രട്ടറിയായിരുന്നു.