വി.എസ് : ജില്ലയിൽ സി.പി.എം മുന്നേറ്റത്തിന് തുടക്കമിട്ട നേതാവ്

Tuesday 22 July 2025 12:29 AM IST

പത്തനംതിട്ട : തിരുവല്ല കുറ്റൂർ ഓതറയിലെ വി ആൻഡ് എൽ ഫാക്ടറിയിൽ 1979ലെ തൊഴിലാളി സമരം. പണിമുടക്ക് നൂറിലേറെ ദിവസങ്ങൾ പിന്നിട്ടു. തിരുവല്ല നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പും വരുന്നു. സമരം വലിയ രാഷ്ട്രീയ വിഷയമായ സമയത്താണ് വി.എസ്.അച്യുതാനന്ദൻ തിരുവല്ലയിലേക്ക് എത്തുന്നത്. അന്ന് പണിമുടക്കിന്റെ നൂറ്റിയൻപതാം ദിവസമായിരുന്നു. സി.പി.എമ്മിന്റെ തിരുവല്ല താലൂക്ക് കമ്മിറ്റി ഓഫീസിൽ പ്രവർത്തക യോഗം വിളിച്ചു. സമരം എങ്ങനെയും വിജയിപ്പിക്കുന്നതിനെപ്പറ്റിയായിരുന്നു ആലോചന. യോഗം കഴിഞ്ഞ് വി.എസും കൂട്ടരും ഫാക്ടറിക്ക് മുന്നിലെ സമരപ്പന്തലിലേക്ക് പോയി. തൊഴിലാളികളെ അഭിവാദ്യം ചെയ്തു കൊണ്ട് വി.എസ് ഒരു പ്രഖ്യാപനം നടത്തി; 'ഇന്നു മുതൽ സമരം തീരുന്നതുവരെ യൂണിയൻ സെക്രട്ടറി ഇവിടെ നിരാഹാരം കിടക്കും". തൊട്ടടുത്തു നിന്ന അഡ്വ.കെ.അനന്തഗോപൻ ഞെട്ടി. അനന്തഗോപനായിരുന്നു യൂണിയൻ സെക്രട്ടറി. അദ്ദേഹത്തെ അറിയിക്കാതെയാണ് വി.എസ് പ്രഖ്യാപനം നടത്തിയത്. വി.എസ് എത്തിയതോടെ സമരത്തിന്റെ ഗതി മാറി. അനന്തഗോപൻ ഏഴ് ദിവസം നിരാഹാരം കിടന്നു. സമരം ഒത്തു തീർപ്പിലെത്തി.

പത്തനംതിട്ട ജില്ല രൂപീകരിച്ച ശേഷം സി.പി.എമ്മിന്റെ ആദ്യ ജില്ലാകമ്മിറ്റി രൂപീകരിച്ചത് 1984ലായിരുന്നു. അന്ന് പോളിറ്റ് ബ്യൂറോ അംഗമായിരുന്ന വി.എസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പതിമൂന്നംഗ ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ചത്.

2001ൽ കെ.അനന്തഗോപനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത സി.പി.എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തത് വി.എസ്.അച്യുതാനന്ദനായിരുന്നു. 2015ൽ അദ്ദേഹം ചുമതല ഒഴിഞ്ഞ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തതും വി.എസ് ആയിരുന്നു. അനന്തഗോപൻ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലേക്ക് മത്സരിച്ചപ്പോൾ പാർലമെന്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത വി.എസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പല തവണ ജില്ലയിലെത്തി. വി.എസുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജില്ലാകമ്മിറ്റിയെ പാർട്ടിയിലെ വിഭാഗീയത കാലത്ത് വി.എസ് പക്ഷമായാണ് വിശേഷിപ്പിച്ചിരുന്നത്.