ആറൻമുള സമരത്തിന് കരുത്ത് പകർന്ന നേതാവ്

Tuesday 22 July 2025 12:36 AM IST

പത്തനംതിട്ട : ആറൻമുള വിമാനത്താവള വിരുദ്ധസമരത്തിന് ആവേശം പകർന്ന നേതാവാണ് വി.എസ്.അച്യുതാനന്ദൻ. 2014 ഫെബ്രുവരി 27നാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.ആറൻമുളയിലെത്തിയത്. വിമാനത്താവള വിരുദ്ധ സമരസമിതി നടത്തി വന്ന സത്യാഗ്രഹ സമരത്തിന്റെ ഇരുപതാംദിവസമായിരുന്നു അന്ന്. കവയിത്രി സുഗതകുമാരി, കുമ്മനം രാജശേഖൻ, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ തുടങ്ങിയവർ ചേർന്നാണ് വി.എസിനെ സ്വീകരിച്ചത്. ആറൻമുളയിലെ വിമാനത്താവളം പ്രമാണികൾക്ക് വേണ്ടിയാണെന്ന് അഭിപ്രായപ്പെട്ട വി.എസ്.സമരം ധീരമായി മുന്നോട്ടുകൊണ്ടുപോകണമെന്ന് പറഞ്ഞു. സമരക്കാരുടെ പ്രതിരോധക്കോട്ട ദുഷ്ടൻമാരെ ചെറുത്തു തോൽപ്പിക്കുമെന്നും പ്രഖ്യാപിച്ചു. അരമണിക്കൂറിലേറെ അദ്ദേഹം സമരപ്പന്തലിൽ ചെലവഴിച്ചു. സമരസമിതി തയ്യാറാക്കിയ 'നുണകൾ കൊണ്ടൊരു വിമാനത്താവളം " എന്ന പുസ്തകം സുഗതകുമാരിക്ക് നൽകി വി.എസ്.പ്രകാശനം ചെയ്താണ് മടങ്ങിയത്.

ആറൻമുള വിമാനത്താവള പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയത് വി.എസ്.മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭയായിരുന്നു. പിന്നീട് എൽ.ഡി.എഫ് പ്രതിപക്ഷത്തായപ്പോൾ വിമാനത്താവളത്തിനെതിരായ നിലപാട് സ്വീകരിച്ചു. സമരപ്പന്തലിൽ എത്തിയ വി.എസ് എന്തു പറയുമെന്ന് ആകാംഷയിലായിരുന്നു എല്ലാവരും. എന്നാൽ, അനുമതി നൽകാനിടയായ സാഹചര്യം അദ്ദേഹം തന്റെ പ്രസംഗത്തിൽ പരാമർശിച്ചില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിമാനത്താവളത്തിന് സംസ്ഥാന സർക്കാർ നൽകിയിരുന്ന എല്ലാ അനുമതിയും റദ്ദാക്കി. വിമാനത്താവള കമ്പനി പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു.