ചെങ്ങറയിലെ രക്തച്ചൊരി​ച്ചിൽ  ഒഴി​വാക്കിയത് വി.എസ്

Tuesday 22 July 2025 12:39 AM IST

പത്തനംതിട്ട : വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ജില്ലയിലെ ഹരിസൺ എസ്‌റ്റേറ്റിലെ ചെങ്ങറ അതുമ്പുംകുളത്ത് 2007 മുതൽ ളാഹ ഗോപാലന്റെയും സലീന പ്രക്കാനത്തിന്റെയും നേതൃത്വത്തിൽ സാധുജന മുന്നണി ശക്തമായ ഭൂസമരം നടത്തിയത്. ഈ ഭൂസമരം ഇടതു സർക്കാരിന് നാണക്കേടുണ്ടാക്കിയെങ്കിലും പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചില്ല. ഇതുകൊണ്ടാണ് മുത്തങ്ങ ഭൂസമരം പോലെ ചെങ്ങറ ഭൂ സമരം രക്തരൂക്ഷിതമാകാതിരുന്നത്. അന്ന് ഭൂമിയില്ലാത്ത നൂറുകണക്കിന് കുടുംബങ്ങളാണ് എസ്റ്റേറ്റ് കൈയേറി കുടിൽകെട്ടി സമരം നടത്തിയത്. കൈക്കുഞ്ഞുങ്ങളുമായി എത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ളവർ മണ്ണെണ്ണയും കൈയ്യിൽ പന്തവും പുരുഷന്മാർ മരത്തിൽ കയറി കയർ കഴുത്തിലിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയുമാണ് സമരം നടത്തിയത്. പൊലീസ് സമരഭൂമി വളഞ്ഞെങ്കിലും വി.എസിന്റെ നിർദ്ദേശത്തെ തുടർന്ന് ശക്തമായ നടപടിയിലേക്ക് കടന്നില്ല. പിന്നീട് ഇവർക്ക് സ്ഥലം ലഭ്യമാക്കുന്നതിനും അച്യുതാനന്ദൻ മുൻകൈ എടുത്തു. എന്നാൽ കണ്ടെത്തിയ ഭൂമി വാസയോഗ്യമല്ലായെന്ന കാരണം നി​രത്തി​ സമരക്കാർ വീണ്ടും ചെങ്ങറയിൽ തിരിച്ചെത്തിയെങ്കിലും ഇവരെ ഒഴുപ്പിക്കാനും വി​.എസ് ശ്രമിച്ചില്ല.