തമിഴ്നാട് നീക്കം തകർത്ത് അച്ചൻകോവിലാറിനെ സംരക്ഷിച്ചത് വി.എസ്

Tuesday 22 July 2025 12:42 AM IST

പത്തനംതിട്ട : അച്ചൻകോവിൽ നദിയിൽ നിന്ന് തമിഴ്നാട് അനധികൃതമായി വെള്ളം കടത്തിക്കൊണ്ടുപോകാൻ നടത്തിയ നീക്കത്തെ ചെറുക്കാൻ മുന്നിൽ നിന്നത് വി.എസ് അച്യുതാനന്ദനായിരുന്നു. കേരളത്തിന്റെ താൽപ്പര്യം ഉയർത്തിപ്പിടിച്ച് പത്തനംതിട്ടയിൽ നിന്ന് തമിഴ്നാട്ടിലെ മേക്കര ഡാം പരിസരത്തേക്ക് വി.എസിന്റെ നേതൃത്വത്തിൽ ഉജ്ജ്വല മാർച്ച് നടത്തി. വെള്ളം കൊണ്ടുപോകാനുള്ള നീക്കം തമിഴ്നാട് ഉപേക്ഷിക്കുകയും ചെയ്തു. തമിഴ്നാടിന്റെ ശ്രമം വിജയിച്ചിരുന്നുവെങ്കിൽ അച്ചൻകോവിൽ നദി അപ്രത്യക്ഷമാകുമായിരുന്നുവെന്നാണ് പരിസ്ഥിതി സ്നേഹികൾ പറഞ്ഞത്.

ശബരിമല മാസ്റ്റർ പ്ലാനിന് തുടക്കമിട്ടതും അക്കാലത്താണ്. നിലയ്ക്കലിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ഇടത്താവളം ദേവസ്വം ബോർഡിന് ലഭ്യമാക്കാൻ പകരം ഭൂമി വനംവകുപ്പിന് നൽകാനും മുഖ്യമന്ത്രിയായിരുന്ന വി.എസ് നേതൃത്വം നൽകി. റാന്നി താലൂക്ക് ആശുപത്രി പുതിയ ബ്ലോക്കിന്റെ നിർമാണം, റാന്നി സിവിൽ സ്‌റ്റേഷൻ നിർമാണം, ചിറ്റാർ – അച്ചൻകോവിൽ റോഡ് നിർമാണം, 130 കോടി രൂപയുടെ നിലയ്ക്കൽ കുടിവെള്ള വിതരണ പദ്ധതിയുടെ ഫണ്ട് അനുവദിക്കൽ, റാന്നി ട്രഷറി പുതിയ മന്ദിരം, ഇലവുംതിട്ട പൊലീസ് സ്‌റ്റേഷൻ, മെഴുവേലി ഐ ടി ഐ, റാന്നി മേജർ കുടിവെള്ള പദ്ധതി, പത്തനംതിട്ട ജനറൽ ആശുപത്രി പുതിയ ബ്ലോക്ക് ഇങ്ങനെ പോകുന്നു വി.എസിന്റെ കാലത്ത് ജില്ലകണ്ട വികസനം.