ധീര സഖാവിന് അനുശോചനം അർപ്പിച്ച് നാട്

Tuesday 22 July 2025 12:48 AM IST

മുൻമുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവും പാവപ്പെട്ടവന്റെ പടത്തലവനുമായിരുന്ന സഖാവ് വി.എസിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹം പ്രതിപക്ഷനേതാവായിരുന്ന അഞ്ചു വർഷം നിയമസഭയിൽ അംഗമായിരിക്കുവാനും ഒരുമിച്ച് പ്രവർത്തിക്കാനും കഴിഞ്ഞത് പ്രത്യേക അനുഭവമായിരുന്നു. അഴിമതിയ്ക്കെതിരെ ശക്തമായ നിലപാടെടുത്ത അദ്ദേഹം പാവപ്പെട്ടവർക്ക് ആശ്രയമായിരുന്നു.

ചിറ്റയം ഗോപകുമാർ (നിയമസഭ ഡപ്യൂട്ടി സ്പീക്കർ)

ഡോ.വർഗീസ് പേരയിൽ

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് എം. സംസ്‌കാരവേദി സംസ്ഥാന പ്രസിഡന്റും കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗവും ആയ ഡോ. വർഗീസ് പേരയിൽ അനുശോചനം രേഖപ്പെടുത്തി.

സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ മാത്രമല്ല പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു വി.എസ്. പത്തനംതിട്ട ജില്ലയിൽ സി.പി.എം കെട്ടിപ്പടുക്കുന്നതിന് സജീവ നേതൃത്വം വഹിക്കാനും വി.എസ് മുൻപന്തിയിലുണ്ടായിരുന്നു. ജില്ലയിലെ പൊതുവിപ്ലവ പ്രസ്ഥാനത്തിന് അദ്ദേഹത്തിന്റെ സംഭാവനകൾ മറക്കാൻ കഴിയില്ല.

രാജു ഏബ്രഹാം (സി.പി.എം ജില്ലാ സെക്രട്ടറി)

ശിശുക്ഷേമസമിതി

പത്തനംതിട്ട : മുൻ മുഖ്യമന്ത്രിയും ശിശക്ഷേമ സമിതി മുൻ സംസ്ഥാന പ്രസിഡന്റുമായ വി.എസ് അച്ച്യുതാനന്ദന്റെ നിര്യാണത്തിൽ ജില്ല ശിശുക്ഷേമസമിതി അനുശോചനം രേഖപ്പെടുത്തി. ശിശുക്ഷേമസമിതി ജില്ലാ പ്രസിഡന്റും ജില്ലാ കളക്ടറുമായ എസ്.പ്രേംകൃഷ്ണൻ അനുശോചനയോഗം ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ് അജിത്കുമാർ.ആർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.പൊന്നമ്മ , ജോയിന്റ് സെക്രട്ടറി സലിം പി.ചാക്കോ , ട്രഷറാർ ദീപു എ.ജി, ജയകൃഷ്ണൻ.കെ, രാജേഷ്‌കുമാർ.ടി, മീരാസാഹിബ്.എസ്, സുമാനരേന്ദ്ര എന്നിവർ പ്രസംഗിച്ചു.