നൂറ്റാണ്ട് തലകുനിച്ച സമരസാക്ഷ്യം
'നൂറ്റാണ്ടുനീണ്ട പോരാട്ടജീവിതം" എന്ന് നാം ആലങ്കാരികമായി പറയാറുണ്ട്. എന്നാൽ, ഇവിടെയൊരു മനുഷ്യൻ നൂറ്റാണ്ട് സാക്ഷ്യം വഹിച്ച സമരജീവിതം സ്വന്തമാക്കി. 'വി.എസ്" എന്ന രണ്ടക്ഷരം കൊണ്ട് മലയാളി മനസിലും ചിന്തയിലും കൊടുമുടി സ്ഥാനം നൽകിയ വി.എസ്.അച്യുതാനന്ദൻ. അഞ്ചരയടിയിൽ താഴെ മാത്രം ഉയരമുണ്ടായിരുന്ന വി.എസിന് അഞ്ചാൾ പൊക്കത്തിലായിരുന്നു മലയാളി മനസിൽ ഇരിപ്പിടം നൽകിയിരുന്നത്.
വെന്തലത്തറ ശങ്കരൻ അച്യുതാനന്ദൻ, വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദനായും പിന്നീട് വി.എസ്.അച്യുതാനന്ദനായും ഒടുവിൽ വി.എസ് എന്ന രണ്ടക്ഷരത്തിന്റെ പെരുമയായും മലയാളിയുടെ മനസിൽ കയറിക്കൂടിയത്, നൂറ്റാണ്ട് നീണ്ട സമര സഞ്ചാരം ഒന്നുകൊണ്ടു മാത്രമാണ്.
1923ൽ വടക്കൻ തിരുവിതാംകൂറിൽപ്പെട്ട പുന്നപ്രയിലെ ഒരു സാധാരണ പിന്നാക്ക കുടുംബത്തിൽ പിറന്ന ബാലൻ. നാലാം വയസിൽ മഹാമാരി പിടിപെട്ട് അമ്മയെ മരണം കൊണ്ടുപോയി. പന്ത്രണ്ട് വയസാകുന്നതിന് മുൻപേ അച്ഛനും വിട്ടുപിരിഞ്ഞു. അക്ഷരാർത്ഥത്തിൽ അനാഥത്വത്തിന്റെ നാൽക്കവലയിലേക്ക് വലിച്ചെറിയപ്പെട്ട ജീവിതം. കഷ്ടിച്ച് ഏഴാം ക്ലാസുവരെ പഠനം. ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുതൂഹലങ്ങൾ അവിടെ അവസാനിച്ചു. താഴെയുള്ള പറക്കമുറ്റാത്ത അനുജൻ പുരുഷോത്തമന്റെയും അനുജത്തി ആഴിക്കുട്ടിയുടെയും സംരക്ഷണത്തിന്റെ ആലോചന കൂടി വന്നതോടെ, ജ്യേഷ്ഠൻ ഗംഗാധരന്റെ ജൗളിക്കടയിലെ സഹായിയായുള്ള അധ്വാന ജീവിതം.
അന്ന് അവിടെയെത്തുന്ന കയർ ഫാക്ടറി തൊഴിലാളികളുടെ ചർച്ചകളിലേക്ക് കാതും കണ്ണും തുറന്നുവച്ചു, അച്യുതൻ എന്നു വിളിപ്പേരുണ്ടായിരുന്ന ബാലൻ. ജാതീയ വേർതിരിവുകളും തൊഴിലാളികൾക്കുമേൽ മുതലാളിമാരും ജന്മിമാരും നടത്തിക്കൊണ്ടിരുന്ന ചൂഷണവും മനുഷ്യത്വരഹിതമായി അരങ്ങേറുന്ന കാലമായിരുന്നു. ബ്രിട്ടീഷ് കയർ കമ്പനികളായ ഡാറാസ് മിൽ, പിയേഴ്സ് ലെസ്ലി, ആസ്പിൻവാൾ എന്നിവിടങ്ങളിലായി പതിനായിരക്കണക്കിനു തൊഴിലാളികൾ പണിയെടുക്കുന്നുണ്ടായിരുന്നു. ഇവിടങ്ങളിലെ തൊഴിൽ ജീവിതത്തിന്റെ യാതനകളെപ്പറ്റിയായിരുന്നു അച്യുതൻ ഏറെയും കേട്ടത്. എന്തുകൊണ്ടോ ദുരിതമനുഭവിക്കുന്ന ആ ജനവിഭാഗങ്ങളുടെ വേദനകളുമായി അച്യുതൻ താദാത്മ്യം പ്രാപിച്ചു.
കൃഷ്ണപിള്ളയുടെ കൈപിടിച്ച്
രാഷ്ട്രീയത്തിലേക്ക്
മുപ്പതുകളുടെ അവസാനത്തിൽ തൊഴിലാളികളെ സംഘടിപ്പിക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കേഡർമാരെ കണ്ടെത്താനുമായി കേരളമെങ്ങും സഞ്ചരിച്ചുകൊണ്ടിരുന്ന സഖാവ് പി.കൃഷ്ണപിള്ള ആലപ്പുഴയിലെത്തി. കയർ ഫാക്ടറി തൊഴിലാളികളെ വിളിച്ചുകൂട്ടി സംസാരിക്കുന്നതിനിടയിലാണ് പതിനേഴുകാരനായ അച്യുതന്റെ ഉത്സാഹം അദ്ദേഹത്തിന്റെ കണ്ണിലുടക്കിയത്. അച്യുതനോട് പ്രത്യേക താത്പര്യം തോന്നിയപ്പോഴെ, അയാളുടെ രാഷ്ട്രീയ സ്വത്വത്തിന്റെ കോണുകൾ മനസിലായി. തുടർന്ന് പതിനെട്ടു വയസെന്ന നിബന്ധനപോലും നോക്കാതെ കൃഷ്ണപിള്ള നേരിട്ട് അദ്ദേഹത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം നൽകി. അതോടെ അച്യുതൻ അച്ചുതാനന്ദനായി. ഒപ്പം ഒരു നിർദ്ദേശവും. കുട്ടനാട്ടിൽ പോയി കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കണം. കയർത്തൊഴിലാളികളേക്കാൾ ദുരിതത്തിലായിരുന്നു കുട്ടനാട്ടിലെ പാവപ്പെട്ട കർഷകത്തൊഴിലാളികൾ.
ഈഴവർ തൊട്ടു താഴേക്കുള്ളവരെന്ന് പ്രമാണിമാർ പറഞ്ഞിരുന്ന ജാതിയിൽപ്പെട്ടവരായിരുന്നു കർഷകത്തൊഴിലാളികൾ. അതിനാൽ ഒരുവശത്ത് അവർ ജാതി ചൂഷണത്തിനു വിധേയരായിരുന്നു. ഒപ്പം നൂറുകണക്കിന് ഏക്കർ കൃഷി നിലം സ്വന്തമായുണ്ടായിരുന്ന ജന്മിമാർ നടത്തിവന്ന കൂലി ചൂഷണവും. കായലും തോടും ചതുപ്പുകളും നിറഞ്ഞ കുട്ടനാടിന്റെ മണ്ണിലേക്ക് നടന്നും നീന്തിത്തുടിച്ചും അച്യുതാനന്ദൻ യാത്ര തിരിക്കുമ്പോൾ ആകെയുണ്ടായിരുന്നത് ഒരു ഷർട്ടും മുണ്ടും തോർത്തും മാത്രം.
പടച്ചോറുണ്ട് വയറു നിറച്ച കാലം
എങ്ങനെ, എവിടേയ്ക്കു പോകുമെന്നറിയാതെ അലഞ്ഞുതിരിഞ്ഞ് എത്തിപ്പെട്ടത് കാവാലം ചെറുകരയിൽ. നാരായണൻ എന്ന നല്ല ശമരിയക്കാരൻ അച്യുതാനന്ദന് അഭയം നൽകി. എന്നാൽ ഒരാളെക്കൂടി തീറ്റിപ്പോറ്റാനുള്ള പാങ്ങുണ്ടായിരുന്നില്ല നാരായണന്. അവിടെ സമീപത്തെ ക്ഷേത്രത്തിലെ കാരുണ്യവാനായ പൂജാരി വാമനൻ നമ്പൂതിരി അച്യുതാനന്ദന് പടച്ചോറ് നൽകി. രാവിലെ കുളിക്കുന്നതിനു മുമ്പ് കുളക്കടവിൽ ഷർട്ടും മുണ്ടും കഴുകിയിടും. വിശാലമായ കുളി കഴിയുമ്പോൾ തുണി ഉണങ്ങിക്കിട്ടും. അതും ധരിച്ച്, പൂജാരി നൽകുന്ന പടച്ചോറും കഴിച്ച് നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വയൽ വരമ്പിലൂടെ നടക്കും. ഇടയ്ക്ക് വിശ്രമിക്കുന്ന കർഷകത്തൊഴിലാളികളെ വയൽ ചിറകളിലെ ഷെഡ്ഡുകളിൽ വിളിച്ചു കൂട്ടി സംഘടിക്കേണ്ടതിന്റെയും ചെയ്യുന്ന ജോലിക്ക് ന്യായമായ കൂലി ചോദിച്ചു വാങ്ങേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി സംസാരിക്കും. നിരക്ഷരരായ തൊഴിലാളികൾക്ക് മനസിലാകുന്നതിനായി നീട്ടിയും കുറുക്കിയും ആവർത്തിച്ചും കാര്യങ്ങൾ വിശദീകരിക്കും.
തൊഴിലാളികളെ സംഘടിപ്പിച്ചു
ജന്മിഗുണ്ടകളുടേയും പൊലീസിന്റെയും ഭീഷണിയും ആക്രമണങ്ങളും നേരിട്ടായിരുന്നു പ്രവർത്തനം. ഏതായാലും അതിന് ഫലമുണ്ടായി. 1943 ആയപ്പോൾ ചരിത്രത്തിലാദ്യമായി തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ എന്ന സംഘടന രൂപംകൊണ്ടു. ഇതു പിന്നീട് കേരളാ സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയനായി സംസ്ഥാനത്തുടനീളം വ്യാപിച്ചു. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ എന്ന പേരിൽ രാജ്യത്താകെയും സംഘടന വളർന്നു. സംഘടനയുടെ പ്രവർത്തനത്താൽ തൊഴിലാളികളുടെ കൂലി വർദ്ധിച്ചു.
പിന്നീട് ആലപ്പുഴയിൽ മടങ്ങിയെത്തി സമാന രീതിയിൽ മത്സ്യത്തൊഴിലാളികളെയും ചെത്തുതൊഴിലാളികളെയും കൊപ്രാമിൽ തൊഴിലാളികളെയും സംഘടിപ്പിച്ചു. ഇതിനിടെയാണ് ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ കയർ ഫാക്ടറി തൊഴിലാളികൾ ആരംഭിച്ച പണിമുടക്ക് ഐതിഹാസികമായ പുന്നപ്ര- വയലാർ സമരത്തിലേക്ക് എത്തിപ്പെടുന്നത്. സമരസംഘാടനത്തിന് നേതൃത്വപരമായ പ്രവർത്തനം നടത്തിയ അച്യുതാനന്ദനോട് ഒളിവിൽ പോകാൻ പാർട്ടി നിർദ്ദേശിച്ചു. അങ്ങനെ കോട്ടയത്തേക്കും അവിടെ നിന്ന് പൂഞ്ഞാറിലേക്കും പോയി. പൂഞ്ഞാറിൽ ഒളിവിലിരുന്ന സ്ഥലം ആരോ ഒറ്റിക്കൊടുത്തതിനെത്തുടർന്ന് പൊലീസ് പിടിയിലായി.
ഭരണപരിഷ്കാര
കമ്മിഷൻ ചെയർമാൻ വരെ
പാർട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവും എൽ.ഡി.എഫ് കൺവീനറും ഒടുവിൽ മുഖ്യമന്ത്രിയായുമുള്ള രാഷ്ട്രീയ പദവികളുടെ ഉയർച്ചകൾ. ഒടുവിൽ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനുമായി. അക്കാലത്ത് സംസ്ഥാനത്തെ ഭരണനടപടികളിൽ വരുത്തേണ്ട അടിസ്ഥാനപരമായ മാറ്റങ്ങളെപ്പറ്റി 13 റിപ്പോർട്ടുകൾ സർക്കാരിനു നൽകി. ഇതിനിടെ 2019 ഒക്ടോബർ 24ന് രാത്രി അവിചാരിതമായുണ്ടായ പക്ഷാഘാതം അദ്ദേഹത്തിന്റെ സാധാരണ പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയായിരുന്നു.
ജനത്തിനായി നിലകൊണ്ടു
കേരളത്തിന്റെ രാഷ്ട്രീയരംഗത്തെ അനിതരസാധാരണമായ വ്യക്തിത്വമായാണ് വി.എസിനെ രാഷ്ട്രീയത്തിനതീതമായിപ്പോലും ജനം കണ്ടിരുന്നത്. തനിക്കു ശരിയെന്നു ബോദ്ധ്യമുള്ള കാര്യങ്ങൾക്കുവേണ്ടി വരുംവരായ്കളെപ്പറ്റി ആശങ്കപ്പെടാതെ നിലപാടെടുക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്തത് അദ്ദേഹത്തെ എല്ലാവർക്കും സ്വീകാര്യനാക്കി. 80 വയസ് പിന്നിട്ടപ്പോഴും കാടും മലയും കയറിയിറങ്ങി കാട്ടു കള്ളന്മാർക്കെതിരെയും മണ്ണു മാഫിയക്കെതിരെയും ജല ചൂഷണത്തിനെതിരെയും പോരാടി ജനങ്ങളെ ഒപ്പം ചേർത്തു. പരിസ്ഥിതി- പ്രകൃതി സംരക്ഷണ യജ്ഞത്തെ കേരളത്തിന്റെ രാഷ്ട്രീയ അജൻഡകളുടെ ഭാഗമാക്കിയത് വി.എസ് എന്ന രാഷ്ട്രീയക്കാരനാണ്.
ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പിതൃബിംബമായി നിലകൊണ്ടു. സൂര്യനെല്ലി, കിളിരൂർ ഐസ്ക്രീം പെൺവാണിഭങ്ങളുടെ മറവിൽ ഒളിച്ചിരുന്ന വികൃത മനസുകളെ വെളിച്ചത്തു കൊണ്ടുവരാൻ രാഷ്ട്രീയ പോരാട്ടങ്ങൾക്കൊപ്പം നിയമവഴിയും തേടി. സമരമുഖത്ത് നിലയുറപ്പിച്ച മൂന്നാറിലെ പെമ്പിളൈ ഒരുമയ്ക്ക് അവിടെ ഓടിയെത്തി പിന്തുണ നൽകി. സമരം അവസാനിപ്പിച്ചേ താൻ പോകൂ എന്ന വി.എസിന്റെ പിടിവാശിയിൽ അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ മുട്ടുമടക്കി.
ഇങ്ങനെ പട്ടിണിയിൽ വളർന്ന വി.എസ് പട്ടിണിക്കാർക്ക് ആശ്വാസമേകുന്ന നടപടികൾക്കായി ജീവിതകാലം മുഴുവൻ പറഞ്ഞും പോരാടിയും കൊണ്ടിരുന്നു. 96-ാം വയസുവരെയും ആ ജീവിതം സമര ഭരിതമായിത്തന്നെ തുടർന്നു. വരുന്ന ഒക്ടോബർ 20ന് വി.എസിന് 102 വയസ് പൂർത്തിയാകുമായിരുന്നു.
(മുൻ വിവരാവകാശ കമ്മിഷണറും വി.എസിന്റെ പ്രസ് സെക്രട്ടറിയുമായിരുന്നു ലേഖകൻ)