ശബരിമല നടന്നുകയറിയ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി

Tuesday 22 July 2025 12:10 AM IST

പത്തനംതിട്ട: ശബരിമല നടന്നുകയറിയ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് വി. എസ് അച്യുതാനന്ദൻ. സന്നിധാനത്ത് 20 കിടക്കകളുള്ള ആശുപത്രിയുടെ ഉദ്ഘാടനത്തിനും തീർത്ഥാടകരുടെ പ്രശ്നങ്ങൾ മനസിലാക്കാനുമായിരുന്നു സന്ദർശനം. എൺപത്തിനാലാം വയസിൽ 2007 ഡിസംബർ മുപ്പതിന് വൈകിട്ട് തീർത്ഥാടകർക്കൊപ്പം മല ചവിട്ടുകയായിരുന്നു. വൈകിട്ട് 5.45ന് പുറപ്പെട്ട് എട്ടുമണി കഴിഞ്ഞപ്പോൾ സന്നിധാനത്ത് എത്തി.അപ്പാച്ചിമേട് കയറുന്നതിന് മുമ്പ് കുറച്ചുനേരം നിന്നു. ഇരുന്ന് വിശ്രമിക്കാം എന്ന് പറഞ്ഞപ്പോൾ ' നിങ്ങളെന്നെ ഇരുത്താൻ നോക്കേണ്ട" എന്ന് മറുപടി. ആരോഗ്യ മന്ത്രി പി. കെ. ശ്രീമതി, എം. എൽ.എമാരായിരുന്ന കെ. സി. രാജഗോപാലൻ, രാജു ഏബ്രഹാം , സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന കെ. അനന്തഗോപൻ തുടങ്ങിയവരാണ് ഒപ്പം നടന്നത്.

പിറ്റേന്ന് നടന്നുതന്നെ മലയിറങ്ങി.

അച്യുതാനന്ദൻ സ്വാമിക്ക്

വെടി വഴിപാട്

ശബരിപീഠത്തിലെത്തിയ വി.എസിനെ സ്വീകരിച്ചത് വെടി വഴിപാടോടെയായിരുന്നു. 'കേരള മുഖ്യമന്ത്രി വി. എസ് അച്യാതാനന്ദൻ സ്വാമിയുടെ ആയുരാരാേഗ്യത്തിന് വേണ്ടി വെടിവഴിപാട് " എന്ന് മൈക്കിൽ പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു.