നിലപാടുകളിൽ ഉറച്ചു നിന്ന നേതാവ്

Tuesday 22 July 2025 12:14 AM IST

താൻ കോളേജ് വിദ്യാർത്ഥിയായിരുന്ന കാലത്ത് കർക്കശക്കാരനും അധികം ആളുകളുമായി ഇടപഴകാത്തതുമായ ഒരു നേതാവായിട്ടാണ് വി.എസിനെ കരുതിയിരുന്നത്. എന്നാൽ, എസ്.എഫ്.ഐ ഭാരവാഹിയായിരുന്ന സമയത്ത് കൂടുതൽ ഇടപഴകിയതോടെ ആ ധാരണ മാറി. മുഖ്യമന്ത്രിയായ വി.എസിനൊപ്പം പൊളിറ്റിക്കൽ സെക്രട്ടറിയായി പാർട്ടി ചുമതലപ്പെടുത്തിയ കാലഘട്ടത്തിലാണ് അദ്ദേഹവുമായി ഏറ്റവും അടുത്തുനിന്ന് പ്രവർത്തിക്കാൻ അവസരം ലഭിച്ചത്.

ഒരു കാര്യം വി.എസ് വിശ്വസിച്ചുകഴിഞ്ഞാൽ അതിൽ മാറ്റമുണ്ടാക്കുക വളരെ പ്രയാസകരമാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ അനുകൂലവും പ്രതികൂലവുമായ ഘടകം ഈ നിലപാട് ആണെന്ന് പറയാം.തനിക്ക് ഉറച്ച ബോധ്യം ഉണ്ടായാൽ മാത്രമേ വിശ്വസിച്ച കാര്യത്തിൽ മാറ്റം വരുത്താൻ അദ്ദേഹം തയ്യാറായിട്ടുള്ളൂ.പലപ്പോഴും ഇത് പല തെറ്റിദ്ധാരണകൾക്കും ഇടയാക്കിയിട്ടുണ്ട്. ഭരണനിർവഹണകാലത്ത് ഇത്തരത്തിൽ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

പുതിയ ആശയങ്ങൾ കേട്ടാൽ അത് പഠിക്കാനും മനസിലാക്കാനും അദ്ദേഹത്തിന് വലിയ താത്പര്യമായിരുന്നു.അങ്ങനെയാണ് കൊച്ചി മെട്രോയ്ക്ക് അനുമതി നൽകുന്നതിന് മുമ്പായി ഡൽഹി മെട്രോയിൽ യാത്രചെയ്യാൻപോയത്. അതോടെ കേന്ദ്രാനുമതി ലഭിക്കുന്നതിനു മുമ്പുതന്നെ പ്രാരംഭപ്രവർത്തനങ്ങൾ അടക്കം ഏറ്റെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് പശ്ചിമതീര കനാലിൽ നിർമ്മിച്ച വർക്കല തുരപ്പിനുള്ളിൽ പോകാനുള്ള അദ്ദേഹത്തിന്റെ തീരുമാനവും അതിശയിപ്പിക്കുന്നതായിരുന്നു.ആ ഗുഹയ്ക്കകത്തേക്ക് ഒരു ചെറിയ ബോട്ടിൽ നടത്തിയ സാഹസിക യാത്രയിൽ ഞാനുമുണ്ടായിരുന്നു.