സമരവും വീര്യവും പോരാട്ടവും സമംചേർന്ന രണ്ടക്ഷരം: എം.വി.ഗോവിന്ദൻ

Tuesday 22 July 2025 12:15 AM IST

സമരവും വീര്യവും പോരാട്ടവും സമംചേർന്ന രണ്ടക്ഷരം, അതായിരുന്നു വി.എസ്. ഇനി അണയാത്ത സമരസൂര്യനായി മനുഷ്യ മനസുകളിൽ ജ്വലിച്ചുനിൽക്കും. അനീതികളോട് സമരസപ്പെടാത്ത, മനുഷ്യപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച, പാവപ്പെട്ടവന്റെ ജീവിത സമരങ്ങളിലെ മുന്നണി പോരാളിയായ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം. സഖാവിന്റെ വിയോഗം വാക്കുകളാൽ വിവരിക്കാൻ കഴിയാത്ത വിടവാണ് കേരളത്തിനുണ്ടാക്കിയിരിക്കുന്നത്. ജന്മിത്വത്തിനെതിരായ പോരാട്ടത്തിലൂടെ കേരളക്കരയിൽ ഉദിച്ചുയർന്ന നക്ഷത്രമാണ് അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാർട്ടി ലോകത്തിന് നൽകിയ അതുല്യസംഭാവന. പൊലീസിന്റെ ലാത്തിക്കും തോക്കുകൾക്കും തോൽപ്പിക്കാനാകാത്ത കരുത്തു​റ്റ ജീവിതം. ദിവാൻ ഭരണത്തിനെതിരെ നടന്ന തൊഴിലാളി വർഗസമരങ്ങളെ മുന്നിൽനിന്ന് നയിച്ച കരുത്തായിരുന്നു മൂലധനം. അനാഥത്വത്തോട് പൊരുതിയ ബാല്യം മുതൽ ആരംഭിച്ചതാണ് ആ സമരജീവിതം. ജീവിതത്തെ സമരമായി കണ്ട് എക്കാലവും നീതി ലഭിക്കാത്ത മനുഷ്യരുടെ അത്താണിയായി. പുന്നപ്ര- വയലാർ സമരം, കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങൾ, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ളയ്ക്കും മതികെട്ടാനിലെ ഭൂമി കൈയ്യേ​റ്റത്തിനെതിരായ പ്രതിഷേധം എന്നിവയെല്ലാം വി.എസിന്റെ സമരജീവിതത്തിലെ തിളങ്ങുന്ന അദ്ധ്യായങ്ങളാണ്. രാഷ്ട്രീയത്തിനപ്പുറം എല്ലാ മനുഷ്യരുടെയും ജീവിതത്തിലേക്കും മനസിലേക്കും ഒരു പോരാളിയായാണ് വി.എസ് ഇറങ്ങിച്ചെന്നത്.