കരുത്തായി കൊല്ലം

Tuesday 22 July 2025 12:34 AM IST

കൊല്ലം: സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളന ചരിത്രത്തിൽ കൊല്ലത്തിന് തീപാറുന്നൊരു പോരാട്ട കഥയുണ്ട്. പാർട്ടിയിലെ വിഭാഗീയതയും വി.എസിന്റെ വീര്യവും സമന്വയിച്ചത് കൊല്ലത്തെ സമ്മേളന വേദിയിലാണ്. 1995 ഫെബ്രുവരി 25 മുതൽ 28 വരെ കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിലായിരുന്നു സമ്മേളനം.

സി.പി.എമ്മിന് ശക്തമായ വേരോട്ടമുള്ള മണ്ണിൽ ഒരുക്കങ്ങൾക്ക് പകിട്ടുകൂടി. ചർച്ചകളിൽ തുടക്കം മുതൽ വിഭാഗീയത നിഴലിച്ചു. ഗുരുവായൂർ ഉപതിരഞ്ഞെടുപ്പിൽ സുലൈമാൻ സേട്ടിന്റെ പിന്തുണ സ്വീകരിച്ചതും മഅ്ദനി വിഷയത്തിലെ ദേശാഭിമാനി ലേഖനവുമൊക്കെയായി ചർച്ചയ്ക്ക് ചൂടുപിടിപ്പിച്ചു. സമ്മേളനത്തിന്റെ അവസാന ദിവസമാണ് തിരഞ്ഞെടുപ്പ് അജണ്ട. 89 അംഗ സംസ്ഥാന കമ്മിറ്റിയിൽ നാലുപേരുടെ മരണവും കെ.ആർ.ഗൗരിഅമ്മ, പി.രാമകൃഷ്ണൻ, വെൺപാല ചന്ദ്രൻ എന്നിവരെ പുറത്താക്കിയതും സംസ്ഥാന കമ്മിറ്റിയിൽ ഒഴിവുകളുണ്ടാക്കിയിരുന്നു.

ഇവരെ കഴിഞ്ഞുള്ള 82 അംഗങ്ങളുടെ കൂട്ടത്തിൽ 30 പേർ വി.എസ് പക്ഷക്കാരായിരുന്നു. അവരും ഔദ്യോഗിക പാനലിൽ ഉൾപ്പെട്ടു. പുതുമുഖങ്ങളായ ആറുപേരെക്കൂടി ഉൾപ്പെടുത്തിയാണ് ഇ.കെ.നായനാർ ഔദ്യോഗിക പാനൽ അവതരിപ്പിച്ചത്. അപ്പോഴേക്കും വി.എസ് പക്ഷക്കാർ പുതുതായി 17 പേരുടെ പേരുകൾ നിർദ്ദേശിച്ചു. മത്സരമായി, എതിർപക്ഷത്തെ പ്രബലനായ എൻ.പത്മലോചനനെ അന്ന് പരാജയപ്പെടുത്താൻ മാത്രമാണ് തിരഞ്ഞെടുപ്പ് ഉപകരിച്ചതെങ്കിലും കൊല്ലത്തിന്റെ പാർട്ടിച്ചരട് വി.എസിന്റെ കൈപ്പിടിയിലൊതുങ്ങി. പി.രാജേന്ദ്രനാണ് അന്ന് പത്മലോചനന് പകരം തിരഞ്ഞെടുക്കപ്പെട്ടത്.

1998ൽ പാലക്കാട് സമ്മേളനത്തോടെ വി.എസ് പക്ഷം സംസ്ഥാന നേതൃത്വം പിടിച്ചടക്കുകയായിരുന്നു. കൊല്ലം വി.എസിനൊപ്പം ചേർന്നുനിന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷം കൊല്ലത്തെ അതേ സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനം നടന്നപ്പോൾ വി.എസ്.അച്യുതാനന്ദന് അനാരോഗ്യത്താൽ പങ്കെടുക്കാനായില്ല. എന്നാൽ സംസ്ഥാന കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവാക്കാതെ 'വെട്ടി'യതും കൊല്ലത്തുതന്നെയാണെന്നതാണ് പ്രത്യേകത.