രക്തസാക്ഷി കുടുംബത്തിലെ സന്ദർശനാവേശം..
കൊല്ലം: കമ്മ്യൂണിസ്റ്റ് രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ കുടുംബ വീട്ടിലേക്ക് വി.എസ്.അച്യുതാനന്ദൻ എത്തിയത് നാടിന് നൽകിയ ആവേശം ചെറുതായിരുന്നില്ല. 2015 നവംബർ 13നായിരുന്നു വി.എസ് വന്നത്. അന്നത്തെ എം.എൽ.എ പി.ഐഷാപോറ്റിയും പാർട്ടി നേതാക്കളും നേരത്തെ തന്നെ കോട്ടാത്തല കളങ്ങുവിള വീട്ടിൽ എത്തിയിരുന്നു. പ്രതിപക്ഷ നേതാവായ വി.എസിന് അന്നും ജനങ്ങളുടെ മനസിൽ വലിയ സ്ഥാനമാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രീയം മറന്ന് വലിയ ആൾക്കൂട്ടം ഒഴുകിയെത്തി. വി.എസിന്റെ കാർ റോഡിലേക്ക് വന്നുനിന്നതും ആവേശ മുദ്രാവാക്യം വിളികൾ ഉയർന്നു. 'കണ്ണേ കരളേ വി.എസ്സേ'- വിളികൾക്കിടയിലൂടെ നടന്നുവന്ന സഖാവ് അവരെനോക്കി കൈകൾ വീശി. പിന്നെ വീടിന് പുറത്തിട്ട കസേരയിൽ ഇരുന്നു. കോട്ടാത്തല സുരേന്ദ്രന്റെ സഹോദരൻ ദിവാകരനുമായി പഴയതും പുതിയതുമായ വിശേഷങ്ങൾ പങ്കിട്ടപ്പോൾ കാഴ്ചക്കാരുടെ മുഖഭാവങ്ങൾ മിന്നിമാറി. വി.എസിനുവേണ്ടി കട്ടൻ കാപ്പിയും പരിപ്പുവടയും വീട്ടുകാർ പ്രത്യേകം കരുതിയിരുന്നു. കുറച്ചധികം സമയം ചെലവഴിച്ച ശേഷം വി.എസ് മടങ്ങിയെങ്കിലും അന്നുണ്ടാക്കിയ ആരവം ഇപ്പോഴും അടങ്ങിയിട്ടില്ല.