ആ 'കൽ'ച്ചിത്രം ബാക്കി...
കൊല്ലം: വി.എസിനോടുള്ള ആരാധന മൂത്താണ് ചിത്രകാരനായ സാന്റോ സന്തോഷ് ആ വ്യത്യസ്ത ചിത്രമൊരുക്കിയത്. നേരിൽ സമ്മാനിക്കണമെന്നായിരുന്നു മോഹം. സഖാവ് മടങ്ങിയെന്നറിഞ്ഞപ്പോൾ ഉള്ളുലഞ്ഞ് ആ ചിത്രം നെഞ്ചോട് ചേർക്കുകയാണ് ചിത്രകാരൻ.
കമ്മ്യൂണിസ്റ്റ് രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ വീട്ടിൽ വി.എസ്.അച്യുതാനന്ദൻ വർഷങ്ങൾക്ക് മുമ്പ് വന്നിരുന്നു. അന്ന് അവിടെ നിന്ന് ശേഖരിച്ച ചെറിയ കല്ലുകൾ വീട്ടിൽ കൊണ്ടുപോയി പൊടിച്ചെടുത്താണ് കൊട്ടാരക്കര കോട്ടാത്തല ചവിട്ടുപാറ കിഴക്കതിൽ സാന്റോ സന്തോഷ് (52) വി.എസ്.അച്യുതാനന്ദന്റെ ചിത്രമൊരുക്കിയത്.
വിവിധ നിറങ്ങളിലെ കല്ലുകൾ വെവ്വേറെ പൊടിച്ചെടുത്ത് അരിച്ചുടുത്തു. വെള്ളമൊഴിച്ച് ചൂടാക്കി. വീണ്ടും വെയിലത്ത് ഉണക്കി പൊ ടിച്ചു. വീണ്ടും അരിച്ചെടുത്തതാണ് ചിത്രരചനയ്ക്ക് ഉപയോഗിച്ചത്. വിവിധ നിറങ്ങളിലെ പൊടികൾ വെവ്വേറെ ഉപയോഗിച്ചു. 16 ഇഞ്ച് നീളവും 20 ഇഞ്ച് വീതിയുമുള്ള കാൻവാസിൽ രൂപരേഖ വരച്ചു. ഇതിൽ ഫെവിക്കോൾ തേച്ച് കൽപ്പൊടി വിതറുകയായിരുന്നു. ആദ്യം കട്ടിനിറമുള്ള പൊടിയാണ് വിതറിയത്. ഭാര്യ പ്രിയയും മകൻ അമ്പാടിയും സഹായത്തിന് ചേർന്നു.
ചിത്രം പൂർത്തിയായ നാൾ മുതൽ സമ്മാനിക്കാൻ കാത്തിരുന്നു. വർഷങ്ങൾ പിന്നിട്ടെങ്കിലും ആ ഭാഗ്യം ഉണ്ടായില്ല. സാന്റോ സന്തോഷ് കമ്മ്യൂണിസ്റ്റുകാരല്ലെന്നതാണ് വി.എസിന്റെ വലിപ്പം.