ഉണ്ടായിരുന്നു, വി എസിന് 'ജോർജ് "എന്ന പേരും!
ഈരാറ്റുപേട്ട: ഏഴ് പതിറ്റാണ്ട് മുമ്പ് പുന്നപ്ര സമരവുമായി ബന്ധപ്പെട്ട് കൊലക്കേസിൽ പ്രതിയാക്കപ്പെട്ട വി.എസ്.അച്യുതാനന്ദൻ ഒളിവിൽ താമസിച്ച പൂഞ്ഞാറിന്റെ പരിസരം പ്രിയസഖാവിന്റെ ഓർമ്മകളിലാണ്. ഒളിവിൽ കഴിഞ്ഞ വീടിന്റെ തറ ഇപ്പോഴും കാടുമൂടി കിടപ്പുണ്ട്. ഒളിവ് ഓർമ്മകൾ നിറച്ചുകൊണ്ട് പ്രദേശത്തെ റോഡിന് വി.എസിന്റെ പേരും നൽകിയിട്ടുണ്ട്.
1946ൽ പുന്നപ്രയിലെ പൊലീസ് ക്യാമ്പ് ആക്രമിക്കാൻ പ്രവർത്തകരെ സജ്ജരാക്കിയത് വാറണ്ട് പ്രതിയായ വി.എസ് ആയിരുന്നു. സംഭവശേഷം ചുങ്കത്ത് നിന്ന് കോട്ടയത്തെത്തി കാൽനടയായാണ് പൂഞ്ഞാറിലെ വാലാനിക്കൽ കുടുംബാംഗമായ ഇട്ടുണ്ടനെ സമീപിച്ചത്. അവിടെ താമസിച്ചെങ്കിലും സുരക്ഷിതമല്ലാത്തതിനാൽ രണ്ടാഴ്ച കഴിഞ്ഞ് വാലാനിക്കൽ കുടുംബാംഗമായ ചള്ളരിക്കുന്നിലുള്ള കരിമാലിൽ കുഞ്ഞിപ്പെണ്ണിന്റെ വീട്ടിലേയ്ക്ക് മാറി. 40 ദിവസത്തോളം ഓലകൊണ്ട് മറച്ച വീട്ടിൽ കഴിഞ്ഞു. പകൽ പുസ്തക വായനയും കുട്ടികൾക്ക് ചെറിയ ക്ലാസെടുപ്പും. രാത്രി പാർട്ടി ക്ലാസുകളിൽ. ജോർജ് എന്ന പേരിലായിരുന്നു ഒളിവ് ജീവിതം.
അപരിചിതനായ ഒരാൾ പതിവായി കരിമാലിൽ വീട്ടിൽ താമസിക്കുന്നത് പൊലീസിന്റെ കാതിലുമെത്തി. വീടിന് അടുത്തുള്ള മൂവേലിത്തോട്ടിൽ പല്ലുതേച്ചുകൊണ്ട് നിന്ന വി.എസിനെ വളഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട ഔട്ട്പോസ്റ്റിലും പാലാ സ്റ്റേഷനിലുമായി ഭീകര മർദ്ദന മുറകളായിരുന്നു നേരിടേണ്ടി വന്നത്. ബയണറ്റ് കാലിൽ കുത്തിക്കയറ്റിയതും മരിച്ചെന്ന് കരുതി കാട്ടിൽ ഉപേക്ഷിക്കാൻ പൊലീസ് ശ്രമിച്ചതുമൊക്കെ അപ്പോഴാണ്.
ഓർമ്മകളിൽ പുരുഷൻ സാർ
റിട്ട. അദ്ധ്യാപകൻ വി.ഐ.പുരുഷോത്തമൻ എന്ന പുരുഷൻ സർ വി.എസിനെ ഒളിവ് ജീവിതത്തിൽ സഹായിച്ചവരിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ്. വാലാനിക്കൽ കുടുംബാംഗമായ പുരുഷോത്തമൻ ചങ്ങനാശേരിയിൽ ഇന്റർമീഡിയറ്റിന് പഠിക്കുമ്പോഴാണ് വി.എസിനെ കാണുന്നത്. 'ആലപ്പുഴയ്ക്ക് പോയിവരാൻ വി.എസ് ആറ് രൂപ കടംവാങ്ങി. തിരികെ വന്നപ്പോൾ പണത്തിന് പകരം കെ.സി.ജോർജിന്റെ പുന്നപ്ര വയലാർ എന്ന മൂന്ന് പുസ്തകങ്ങളാണ് തന്നത്. പുസ്തകം വിറ്റ് പണമെടുത്തോളാൻ പറഞ്ഞെങ്കിലും അത് പൊലീസ് കേസാകുമെന്നതിനാൽ പണം വേണ്ടെന്ന് വച്ചു". - പുരുഷൻ സാറിന്റെ ഓർമ്മകൾക്ക് നല്ല തെളിച്ചം.