കോടതിയിലെത്തിയ പൊലീസുകാരിക്ക് പ്രസവ വേദന; ശ്രീലക്ഷ്മിയുടെ പ്രതിജ്ഞയുടെ കഥ

Tuesday 22 July 2025 12:47 AM IST

തൃശൂര്‍: സ്റ്റേഷനില്‍ വച്ച് പ്രതി പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസില്‍ മൊഴി നല്‍കാന്‍ കോടതിയിലെത്തിയ ഒല്ലൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീലക്ഷ്മിക്ക് പ്രസവ വേദന തുടങ്ങി. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചതോടെ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ഒല്ലൂര്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടറായിരുന്ന ഫര്‍ഷാദിനെ പ്രതി ആക്രമിച്ചു പരിക്കേല്പിച്ച കേസില്‍ മൊഴി നല്‍കിയശേഷമേ അവധിയെടുക്കൂ എന്ന നിലപാടിലായിരുന്നു പൂര്‍ണ ഗര്‍ഭിണിയായ ശ്രീലക്ഷ്മി.

ദിവസവും ഓട്ടോറിക്ഷയിലാണ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായി എത്തിയിരുന്നത്. മൊഴി നല്‍കേണ്ട ദിവസമായ ഇന്നലെ നേരത്തെ സ്റ്റേഷനിലെത്തി. സഹപ്രവര്‍ത്തകരുമായി വാഹനത്തില്‍ തൃശൂര്‍ മജിസ്‌ട്രേറ്റ് കോടതി മുറ്റത്തെത്തിയ ഉടന്‍ ബ്ളീഡിംഗ് തുടങ്ങുകയായിരുന്നു. ആദ്യപ്രസവമാണ്. ഭര്‍ത്താവ് ആശ്വിന്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്.ശാരീരിക വിശ്രമം വേണ്ട സമയത്തും കാട്ടിയ കൃത്യനിര്‍വഹണത്തോടുള്ള ആത്മാര്‍ത്ഥതയെ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ അഭിനന്ദിച്ചു.