വിഎസ്  ഇന്ന്  തലസ്ഥാനത്തോട്  വിടചൊല്ലും,  ജന്മനാട്ടിലേക്കുള്ള  അവസാന  യാത്ര   ഉച്ചയ്ക്ക്

Tuesday 22 July 2025 8:48 AM IST

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അന്തിമോപചാരം അർപ്പിക്കാൻ തിരുവനന്തപുരം ലോ കോളേജ് ജംഗ്‌ഷനിലെ വേലിക്കകത്ത് വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി വി ശിവൻകുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമടക്കം വീട്ടിലെത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി ദ‌ർബാർ ഹാളിലെത്തി.

വീട്ടിലെ പൊതുദർശനത്തിനുശേഷം വിഎസിന്റെ ഭൗതികദേഹം സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ എത്തിച്ചു. ഉച്ചയ്ക്ക് രണ്ടുവരെ ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് മൃതദേഹം വിലാപയാത്രയായി ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ അന്തിമോപചാരമർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ 27 കേന്ദ്രങ്ങളിലൂടെ വിലാപയാത്ര കടന്നുപോകും. പാളയം, പി.എം.ജി, പ്ലാമൂട്,പട്ടം, കേശവദാസപുരം, ഉള്ളൂർ,പോങ്ങുമൂട്, ശ്രീകാര്യം, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം,ആറ്റിങ്ങൽ ബസ് സ്റ്റാന്റ് ,കച്ചേരിനട,ആലംകോട്,കടുവയിൽ, കല്ലമ്പലം, നാവായിക്കുളം, 28–ാം മൈൽ, കടമ്പാട്ടുകോണം എന്നിങ്ങനെയാണ് കേന്ദ്രങ്ങൾ. കൊല്ലം ജില്ലയിലും വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനം ഉണ്ടാകും.