'ഇതൊരു  തീപ്പൊരിയാണ്,  തീ  പടർത്താൻ  ഇവന്  കഴിയും'; പി കൃഷ്ണപിള്ള രംഗത്തിറക്കിയ കമ്മ്യൂണിസ്റ്റ്

Tuesday 22 July 2025 9:17 AM IST

ആലപ്പുഴ: 'ഇതൊരു തീപ്പൊരിയാണ്, തീ പടർത്താൻ ഇവന് കഴിയും'- കേരളത്തിന്റെ സമരനായകൻ വിഎസ് അച്യുതാനന്ദനെക്കുറിച്ച് കമ്മ്യൂണിസ്റ്റ് ആചാര്യൻ സഖാവ് പി.കൃഷ്ണപിള്ള പറഞ്ഞ വാക്കുകളാണിത്. മുപ്പതുകളുടെ അവസാനത്തിൽ തൊഴിലാളികളെ സംഘടിപ്പിക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കേഡർമാരെ കണ്ടെത്താനുമായി കേരളമെങ്ങും സഞ്ചരിച്ചുകൊണ്ടിരുന്ന സഖാവ് പി.കൃഷ്ണപിള്ള ആലപ്പുഴയിലെത്തിയതായിരുന്നു. കയർ ഫാക്ടറി തൊഴിലാളികളെ വിളിച്ചുകൂട്ടി സംസാരിക്കുന്നതിനിടയിലാണ് പതിനേഴുകാരനായ അച്യുതന്റെ ഉത്സാഹം അദ്ദേഹത്തിന്റെ കണ്ണിലുടക്കിയത്. പിന്നീടങ്ങോട്ട് നടന്നത് ചരിത്രവും.

നിവർത്തന പ്രക്ഷോഭം ആളിക്കത്തിയപ്പോൾ അതിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായാണ് വി.എസ് രാഷ്ട്രീയത്തിൽ സജീവമായത്. പിന്നീട് ട്രേഡ് യൂണിയൻ രംഗത്തും സജീവമായ അദ്ദേഹം പി.കൃഷ്ണപിള്ളയുടെ ആശീർവാദത്തോടെ 1940ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. സഖാവിന്റെ നിർദ്ദേശപ്രകാരം കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ സംഘടിപ്പിക്കാൻ നിയോഗിക്കപ്പെട്ടു.

പുന്നപ്ര-വയലാർ സമരത്തെ തുടർന്ന് ഒളിവിൽ പോകേണ്ടിവന്ന അദ്ദേഹത്തെ പൂഞ്ഞാറിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ലോക്കപ്പിൽ കൊടിയ മർദ്ദനത്തിനാണ് ഇരയായത്. നാല് വർഷത്തോളം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞു. ലോക്കപ്പിൽ പൊലീസുകാർ കുത്തിയിറക്കിയ ബയണറ്റിന്റെ മുറിപ്പാട് മായാതെ വി.എസിന്റെ കാലിൽ അവശേഷിച്ചു, ത്യാഗത്തിന്റെയും ധീരതയുടെയും സാക്ഷ്യം പോലെ.