ജീവിക്കുന്നു ജനഹൃദയങ്ങളില്‍...വിപ്ലവ നായകന് ഇനി വലിയ ചുടുകാട്ടില്‍ നിത്യനിദ്ര
Wednesday 23 July 2025 5:01 PM IST
കനത്ത മഴ പെയ്യുന്നുണ്ടെങ്കിലും ആലപ്പുഴ ബീച്ചിനടുത്തുള്ള റിക്രിയേഷൻ ഗ്രൗണ്ടിൽ തങ്ങളുടെ പ്രിയപ്പെട്ട വിഎസിനെ ഒരുനോക്കുകൂടി അവസാനമായി കാണാൻ ജനം തിക്കിതിരക്കുകയാണ്. വി എസിന്റെ രാഷ്ട്രീയ ജീവിതം ഉയർച്ച നേടിയ ആലപ്പുഴയുടെ മണ്ണിൽ ഇനിയൊരു മടക്കമില്ലാത്ത യാത്രയ്‌ക്ക് മുൻപായി അദ്ദേഹത്തെ കാണാനും അഭിവാദ്യമർപ്പിക്കാനും തിരക്ക് തുടരുകയാണ്. റിക്രിയേഷൻ ഗ്രൗണ്ടിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് ആദരമർപ്പിച്ചത്. അദ്ദേഹത്തിന്റെ ഭൗതികദേഹത്തിൽ ദേശിയ പതാക പുതപ്പിച്ചു. നേരത്തെ 5.50ഓടെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ഭൗതികദേഹം റിക്രിയേഷൻ ഗ്രൗണ്ടിലെത്തിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നിരവധി നേതാക്കളും ഇവിടെയുണ്ട്. പൊതുദർശനത്തിന് ശേഷം വലിയ ചുടുകാട്ടിൽ മൃതദേഹം സംസ്‌കരിക്കും.