തയ്യൽ ജോലിയിൽ നിന്ന് മിച്ചം പിടിച്ചു, യുട്യൂബ് വീഡിയോകൾ കണ്ട് തയ്യാറെടുപ്പ്; 59ാം വയസിൽ എവറസ്റ്റിൽ

Tuesday 22 July 2025 11:55 AM IST

സ്‌ത്രീകൾ, പ്രത്യേകിച്ച് ഭർത്താവ് മരിച്ച സ്ത്രീകൾ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നുള്ള ചില മുൻവിധികൾ കേരളത്തിലുണ്ട്. ഭർത്താവ് മരിച്ച സ്ത്രീകൾ വീടിനുള്ളിൽ ഒതുങ്ങിക്കൂടണമെന്നും സ്വപ്‌നങ്ങൾ പിന്തുടരാൻ പാടില്ലെന്നും അവരുടെ ജീവിതത്തിൽ നിന്ന് നിറങ്ങൾ മായണമെന്നുമുള്ള ഒരു അപ്രഖ്യാപിത വിലക്ക് സമൂഹം അടിച്ചേൽപ്പിക്കുന്നു. ഈ വിലക്ക് സമൂഹത്തിൽ നിന്നുമാത്രമല്ല, കുടുംബത്തിനുള്ളിൽ നിന്നും ചാർത്തപ്പെടുന്നു. എന്നാൽ അങ്ങനെയൊരു ജീവിതം ജീവിച്ചുതീർക്കാൻ താൻ തയ്യാറല്ല എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് എവറസ്റ്റ് കൊടുമുടിവരെയെത്തിയ ഒരു കണ്ണൂരുകാരിയുണ്ട്, തളിപ്പറമ്പ് തൃച്ചംബരം സ്വദേശി വാസന്തി ചെറുവീട്ടിൽ.

ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എവറസ്റ്റിൽ ഒറ്റയ്ക്ക് എത്തുമ്പോൾ 59ന്റെ ചെറുപ്പത്തിലായിരുന്നു വാസന്തി. കഴിഞ്ഞ 40 വർഷമായി തയ്യൽ ജോലി ചെയ്യുന്ന വാസന്തി തന്റെ സമ്പാദ്യത്തിൽ നിന്ന് മിച്ചം പിടിച്ചാണ് യാത്രകൾ നടത്തുന്നത്. വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ നിന്ന് പുറത്തുകടന്ന് മൗണ്ട് എവറസ്റ്റ് കൊടുമുടിവരെയെത്തിയ സ്വപ്‌നസാഫല്യത്തെക്കുറിച്ച് കേരള കൗമുദി ഓൺലൈനിനോട് മനസുതുറക്കുകയാണ് വാസന്തി.

കണ്ണൂരിലെ വളരെ സാധാരണ കുടുംബത്തിലാണ് വാസന്തി ജനിച്ചത്. വാസന്തിയുടെ അമ്മ എട്ടുമാസം ഗർഭിണിയായിരുന്നപ്പോൾ പിതാവ് ലോകത്തോട് വിട പറഞ്ഞു. ഏറെ യാതനകൾ സഹിച്ചാണ് അമ്മ തന്നെ വളർത്തിയതെന്ന് വാസന്തി പറഞ്ഞു. ശേഷം അമ്മയും മകളും മാത്രം അടങ്ങുന്നതായിരുന്നു ലോകം. വീട്ടിലെ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞ വാസന്തി 17ാം വയസിൽ പ്രീഡിഗ്രി പഠന കാലത്തുതന്നെ തയ്യൽ ജോലിയാരംഭിച്ചു. പയ്യന്നൂ‌ർ കോളേജിൽ നിന്ന് ഇംഗ്ളീഷിൽ ബിരുദവും കരസ്ഥമാക്കി. നിരവധി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടു, അഭിമുഖങ്ങളിൽ പങ്കെടുത്തു, എന്നിട്ടും സർക്കാർ ജോലി തേടിയെത്തിയില്ല. എങ്കിലും തോറ്റുകൊടുക്കാൻ വാസന്തി തയ്യാറായില്ല. തയ്യൽ ജോലി തന്നെ മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനിച്ചു. സ്‌കൂളിൽ നിന്ന് തയ്യലിന്റെ ബാലപാഠങ്ങൾ പഠിച്ചിരുന്നു, ബാക്കി സ്വയം പഠിച്ചെടുത്തു.

23ാം വയസിൽ തൃച്ചംമ്പരം സ്വദേശിയുമായി വിവാഹിതയായി. അപ്പോഴും ജീവിത സാഹചര്യങ്ങളിൽ മാറ്റമുണ്ടായില്ല. അതിനാൽതന്നെ വീണ്ടും തയ്യൽ ജോലി ചെയ്തുതുടങ്ങി. ഒപ്പം പിഎസ്‌സി പരീക്ഷകൾക്കായും തയ്യാറെടുക്കുകയും ചെയ്തു. ഇതിനിടെ രണ്ട് ആൺമക്കളും പിറന്നു. തയ്യൽ ജോലിയിൽ നിന്ന് മികച്ച വരുമാനം കണ്ടെത്തി ജീവിതം സ്വസ്ഥമായി പോകുന്നതിനി‌ടെ ഭർത്താവിന്റെ രോഗത്തിലൂടെ വീണ്ടും ജീവിതം പരീക്ഷിച്ചു. ഭർത്താവ് മറവിരോഗിയായതോടെ ജീവിതം ഏറെ കഠിനമായിരുന്നുവെന്ന് വാസന്തി പറഞ്ഞു. മാനസികമായി ഏറെ തകർന്നു, ഒറ്റപ്പെട്ടു. 2022ൽ ഭർത്താവ് മരണപ്പെട്ടു. മനസ് താളംതെറ്റുന്ന അവസ്ഥയിൽവരെയെത്തി. വീട്ടിൽ നിൽക്കാൻ തന്നെ വീർപ്പുമുട്ടലായി, എങ്ങനെയും പുറത്തുകടക്കണമെന്ന തോന്നലാണ് ജീവിതത്തിൽ വഴിത്തിരിവായത്. മക്കളായ വിനീതിനോടും വിവേകിനോടും കാര്യം അവതരിപ്പിച്ചു. അങ്ങനെയാണ് ആദ്യ സോളോ ട്രിപ്പിലേയ്ക്ക് വാസന്തിയെത്തിയത്.

ഇതിന് എട്ടുവർഷങ്ങൾക്കുമുൻപ് അയൽക്കാരുമൊത്ത് ആന്ധ്രാപ്രദേശിലേയ്ക്ക് പോയതായിരുന്നു വാസന്തിയുടെ ആദ്യ വിനോദയാത്ര. ഇതിനുശേഷം കുടുംബവുമൊത്തും ചെറുയാത്രകൾ നടത്തിയിരുന്നു. പിന്നീടായിരുന്നു ഇടിത്തീപോലെ ഭർത്താവിന്റെ രോഗമെത്തിയത്. മാനസിക സംഘർഷം താങ്ങാനാകാതെ വന്നതോടെ യാത്ര പോകണമെന്ന് വാസന്തി മക്കളോട് പറഞ്ഞു. മക്കൾ ഏറെ പിന്തുണച്ചു. തുടർന്ന് ഇതിനായി തയ്യാറെടുപ്പ് തുടങ്ങി. ഭർത്താവ് മരണപ്പെട്ട് കുറച്ച് ദിവസങ്ങൾക്കുശേഷമായിരുന്നു വാസന്തിയുടെ ആദ്യ സോളോ ട്രിപ്പ്. രണ്ട് മക്കളും പൂർണ പിന്തുണയുമായി ഒപ്പം നിന്നു. കെഎസ്‌ആർടിസിയുടെ ബഡ്‌ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായുള്ള മൂന്നാർ യാത്രയിൽ വാസന്തിയും ഭാഗമായി. അന്നത്തെ ഒറ്റയ്ക്കുള്ള യാത്ര വാസന്തിയുടെ ജീവിതം മാറ്റിമറിച്ചു. തുടർന്ന് മൂന്ന് തവണ കെഎസ്‌ആർടിസി ബഡ്‌ജറ്റ് ടൂറിസത്തിലൂടെ തന്നെ യാത്രകൾ നടത്തി.

ഇതിനിടെ വാസന്തി പാസ്‌പോർട്ട് എടുത്തിരുന്നു. 2025 മാർച്ചിലായിരുന്നു പാസ്‌പോർട്ടിന്റെ കാലാവധി കഴിയുന്നത്. ഒരിക്കലെങ്കിലും തന്റെ പാസ്‌പോർട്ടിൽ സീൽ പതിപ്പിക്കണമെന്ന് വാസന്തി ആഗ്രഹിച്ചു. ഇക്കാര്യം മക്കളോടും പറഞ്ഞു. അമ്മ തന്നെ യാത്ര പോകാനുള്ള സ്ഥലം തിരഞ്ഞെടുക്കാനായിരുന്നു മക്കളുടെ പ്രതികരണം. തായ്‌ലൻഡ് ആയിരുന്നു വാസന്തി ഇന്ത്യക്ക് പുറത്തേയ്ക്കുള്ള തന്റെ ആദ്യയാത്രക്കായി തിരഞ്ഞെടുത്തത്. തന്റെ ചില സ്ത്രീ സുഹൃത്തുക്കളെയും ക്ഷണിച്ചു. അയ്യോ പെണ്ണുങ്ങളങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുമോയെന്നായിരുന്നു ചോദ്യം. ഇതോടെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തന്നെ തീരുമാനിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ തായ്‌ലൻഡിനെക്കുറിച്ച് നന്നായി പഠിച്ചു, തായ് ഭാഷയും അത്യാവശ്യം പഠിച്ചുവച്ചു. യുട്യൂബ് ചാനലുകളും വ്ളോഗുകളും കണ്ടായിരുന്നു മുഴുവൻ പ്ളാനുകളും നടത്തിയത്. 2024 മേയ് 13ാം തീയതിയായിരുന്നു തായ്‌ലൻഡ് യാത്ര. അഞ്ചുദിവസങ്ങൾ തായ്‌ലൻഡിലെ സ്ഥലങ്ങളും തായ് ആഹാരവും വാസന്തി നന്നായി ആസ്വദിച്ചു. മേയ് 18ാം തീയതി മടങ്ങിയെത്തി. ഇതോടെ സോളോ യാത്രകളോട് വാസന്തിക്ക് പ്രിയമേറി. സ്ത്രീകൾക്കും ഒറ്റയ്ക്ക് യാത്രകൾ ചെയ്യാൻ പറ്റുമെന്ന ധൈര്യമായി.

തായ്‌ലൻഡിനെക്കുറിച്ച് യുട്യൂബിൽ വീഡിയോകൾ കാണുന്നതിനിടെയാണ് മൗണ്ട് എവറസ്റ്റിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടത്. അടുത്ത യാത്ര അങ്ങോട്ടേക്കാകാമെന്ന് അന്ന് ഉറപ്പിച്ചിരുന്നു. മക്കളോടും ഇക്കാര്യം അവതരിപ്പിച്ചപ്പോൾ അവർക്കും പൂർണ സമ്മതം. അങ്ങനെ മൗണ്ട് എവറസ്റ്റിനെക്കുറിച്ചും പൂർണമായും പഠിച്ചു. എല്ലാ തയ്യാറെടുപ്പുകളും ഒറ്റയ്ക്ക് തന്നെയായിരുന്നു നടത്തിയത്. ഇക്കൊല്ലം ഫെബ്രുവരിയിലായിരുന്നു യാത്ര. ഫെബ്രുവരി ഒൻപതിന് വീട്ടിൽ നിന്ന് യാത്ര തിരിച്ചു, ശേഷം മൈസൂരുവിൽ ജോലി ചെയ്യുന്ന മകന്റെ അരികിലെത്തി. തുടർന്ന് ഫെബ്രുവരി 11ന് കാഠ്‌മണ്ടുവിലെത്തി. എവറസ്റ്റ് ട്രക്കിംഗിനായി തയ്യാറെടുക്കുന്നതിനിടെ കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം ബേസ് ക്യാമ്പിലേയ്ക്ക് പോകാനുള്ള ലുക്ളയിലേക്കുള്ള ഫ്ളൈറ്റ് റദ്ദായതായി അറിയുന്നു. ഇനി എന്തുചെയ്യുമെന്ന് വിഷമിച്ചിരിക്കുമ്പോഴാണ് ജർമ്മനിയിൽ നിന്നുള്ള ദമ്പതികളെ കാണുന്നത്. തുടർന്ന് അവർക്കൊപ്പം റോഡുമാർഗം സെല്ലേരിയിലെത്തുന്നു. സുർക്കെയിൽ നിന്ന് ഫെബ്രുവരി 15ന് ട്രക്കിംഗ് ആരംഭിച്ചു. ജ‌ർമ്മൻ ദമ്പതികൾ തന്നെ യാത്രക്കായുള്ള പോർട്ടറെയും ഏർപ്പാടാക്കി തന്നിരുന്നു.

തുടക്കത്തിൽ ഏറെ ആവശേത്തോടെ ട്രക്കിംഗ് ആരംഭിച്ചെങ്കിലും കുറച്ചുദിവസങ്ങൾ പിന്നിട്ടപ്പോൾ ക്ഷീണിതയായെന്ന് വാസന്തി പറയുന്നു. എന്നാൽ ഇതുവരെയെത്തിയിട്ട് പിന്മാറാൻ വാസന്തി ഒരുക്കമായിരുന്നില്ല. ട്രക്കിംഗിന് മുന്നോടിയായി വീട്ടിൽ വച്ചുതന്നെ വ്യായാമങ്ങളും പരിശീലനങ്ങളും നടത്തിയത് ഏറെ ഉപകാരപ്പെട്ടു. അതിനാൽ തന്നെ ശരീരം പണിമുടക്കിയില്ല. ഓഫ് സീസൺ ആയതിനാൽ ഒറ്റയ്ക്ക് വരുന്നവർ, പ്രത്യേകിച്ച് സ്ത്രീകൾ വളരെ കുറവായിരുന്നു. കേരള സാരിയുടുത്തായിരുന്നു ബേസ് ക്യാമ്പിലേക്കുള്ള വാസന്തിയുടെ യാത്ര. സീസൺ അല്ലാത്തതിനാൽ കൊടും തണുപ്പായിരുന്നു. അതിദു‌ർഘടമായ പാതകൾ പിന്നിട്ടായിരുന്നു യാത്ര. ഇതിനിടെ അഗാധമായ ഗർത്തങ്ങളും പാറകളും കടന്നു.

തുടർന്ന് എല്ലാ തടസങ്ങളും മറികടന്ന് ഒൻപതാം ദിവസമായ ഫെബ്രുവരി 23ന് ഉച്ചയ്ക്ക് 12 മണിക്ക് വാസന്തി എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി. തന്റെ ലക്ഷ്യത്തിലെത്തിയതിന്റെ ചാരിതാർത്ഥ്യമാണ് ആ നിമിഷത്തിൽ അനുഭവിച്ചതെന്ന് വാസന്തി വെളിപ്പെടുത്തി. തുടർന്ന് അവിടെനിന്ന് ചിത്രങ്ങളും ദൃശ്യങ്ങളും പക‌ർത്തി. ഹെലികോപ്‌ടറിലായിരുന്നു തിരികെയുള്ള യാത്ര. എവറസ്റ്റിന്റെ ആകാശദൃശ്യങ്ങൾ അവിസ്‌മരണീയമായിരുന്നുവെന്ന് വാസന്തി പറഞ്ഞു. രണ്ടുദിവസം കാഠ്‌മണ്ടുവിൽ ചെലവഴിച്ച് സ്ഥലങ്ങൾ ആസ്വദിച്ചതിനുശേഷമാണ് നാട്ടിലേക്ക് തിരിച്ചത്. ഫെബ്രുവരി 27ന് കാഠ്‌മണ്ടുവിൽ നിന്ന് തിരികെ മൈസൂരുവിലെത്തുകയും അവിടെനിന്ന് കണ്ണൂരിലെത്തുകയും ചെയ്തു. ഒന്നേമുക്കാൽ ലക്ഷം രൂപയായിരുന്നു എവറസ്റ്റ് യാത്രക്കായി ചെലവായത്.

എവറസ്റ്റ് യാത്ര കഴിഞ്ഞ് നാല് മാസത്തെ വിശ്രമത്തിനുശേഷം വാസന്തി വീണ്ടുമൊരു സോളോ ട്രിപ്പ് നടത്തി. ജൂൺ 15ന് ചൈനയിലെ വൻമതിൽ കാണാനായിരുന്നു യാത്ര. എട്ടുദിവസത്തെ യാത്രയായിരുന്നു അത്. ഇനിയും യാത്രകൾ അവസാനിപ്പിക്കാൻ വാസന്തി ആഗ്രഹിക്കുന്നില്ല. അടുത്തതായി അന്റാർട്ടിക്കയിൽ പോകാനാണ് വാസന്തി ആലോചിക്കുന്നത്. ലോകം മുഴുവൻ ചുറ്റണമെന്നാണ് വാസന്തിയുടെ ആഗ്രഹം. നമ്മുടെ ആഗ്രഹം ആത്മാർത്ഥമാണെങ്കിൽ, അതിനായി കഠിനപരിശ്രമം ചെയ്താൽ, ആ ആഗ്രഹം സഫലമാക്കാൻ പ്രപഞ്ചം മുഴുവൻ അവസരമൊരുക്കുമെന്ന പൗലോ കൊയ്‌ലോയുടെ വാക്കുകൾ അന്വർത്ഥമാക്കുന്നതാണ് വാസന്തിയുടെ ജീവിതം.