ഞാൻ പോകുന്നു; തിരുവനന്തപുരത്തോട് വിട പറഞ്ഞ് ബ്രിട്ടീഷ് യുദ്ധവിമാനം, മടക്കം ഇന്ന് രാവിലെ
തിരുവനന്തപുരം: സാങ്കേതിക തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി മടങ്ങി. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇന്ന് രാവിലെയോടെയാണ് വിമാനം ടേക്കോഫ് ചെയ്തത്. തകരാർ പരിഹരിച്ച് ഇന്നലെയാണ് വിമാനം ഹാംഗറിൽ നിന്ന് പുറത്തിറക്കിയത്. ബ്രിട്ടണിലെ നാവികസേന മേധാവിയുടെ അനുമതി ലഭിച്ച ശേഷമാണ് വിമാനം ഇന്നലെ പുറത്തിറക്കിയത്.
വിമാനം പാർക്കിംഗ് ബേയിൽ കിടന്നതിന്റെ വാടക,ഹാംഗറിലെ വാടക,എ.ടി.സിയുടെ വാടക തുടങ്ങിയ കാര്യങ്ങൾ പൂർത്തീകരിച്ച ശേഷമാണ് തിരികെപ്പറത്താനുള്ള അനുമതി നൽകിയത്. എഫ് 35 ജൂൺ 14നാണ് നിരീക്ഷണ പറക്കലിനിടെ ഇന്ധനം തീർന്നതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. ഇന്ധനം നിറച്ച് തുടർപറക്കലിനൊരുങ്ങിയപ്പോഴാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്.
ബ്രിട്ടണിൽ നിന്ന് 24 അംഗങ്ങൾ എത്തിയതിന് ശേഷമാണ് തകരാർ പരിഹരിച്ചത്. ഇവരിൽ 14 പേർ സാങ്കേതിക വിദഗ്ദരാണ്. പത്ത് പേർ വിമാനത്തിന്റെ ക്രൂ അംഗങ്ങളാണ്. വിമാനത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യൻ വ്യോമസേന സാദ്ധ്യമായ എല്ലാ പിന്തുണയും നൽകിയിരുന്നു. ബ്രിട്ടീഷ് പാർലമെന്റിൽ പോലും വിമാനം തിരുവനന്തപുരത്ത് കിടക്കുന്നത് ചർച്ചയായിരുന്നു. ഇതോടെയാണ് വിമാനം ഹാംഗറിലേക്ക് മാറ്റി തകരാർ പരിഹരിക്കാൻ ബ്രിട്ടീഷ് സൈന്യം തീരുമാനിച്ചത്.
അത്യാധുനികവും അതീവ സുരക്ഷാസംവിധാനവുമുള്ള വിമാനത്തെ മറ്റൊരു രാജ്യത്തെ ഹാംഗറിലേക്ക് മാറ്റുന്നതിനോട് സൈന്യത്തിന് ആദ്യം യോജിപ്പില്ലായിരുന്നു. അമേരിക്കൻ നിർമിതമായ അഞ്ചാം തലമുറ യുദ്ധവിമാനം നാറ്റോ സഖ്യത്തിലുൾപ്പെടാത്ത മറ്റൊരു രാജ്യത്തിനും ലഭിച്ചിട്ടില്ല. അതിനാൽ സാങ്കേതികവിദ്യ ചോരുമെന്ന ആശങ്കയിലാണ് വിമാനം ഹാംഗറിലേക്ക് മാറ്റാതിരുന്നത്.