മലയാളി വനിതാ ഡോക്ടർ അബുദാബിയിൽ മരിച്ച നിലയിൽ; പ്രവാസ ജീവിതം ആരംഭിച്ചത് പത്ത് വർഷങ്ങൾക്ക് മുമ്പ്

Tuesday 22 July 2025 12:47 PM IST

അബുദാബി: മലയാളി വനിതാ ഡോക്ടറെ അബുദാബായിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളാപ്പ് അരയക്കണ്ടി സ്വദേശിനി ഡോ ധനലക്ഷ്മിയാണ് (54) മരിച്ചത്. മുസഫയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച രാത്രിയായിരുന്നു മൃതദേഹം കണ്ടെത്തിയത്. അബുദാബി ലൈഫ് കെയർ ആശുപത്രിയിലെ ദന്ത ഡോക്ടറായിരുന്നു.

രണ്ട് ദിവസമായി ധനലക്ഷ്മിയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. തിങ്കളാഴ്ച ജോലി സ്ഥലത്തും എത്തിയിരുന്നില്ല. പത്ത് വർഷത്തിലേറെയായി പ്രവാസ ലോകത്ത് തുടരുന്നു. അബുദാബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവർത്തകയും എഴുത്തുകാരിയുമാണ്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിൽ മുൻപ് സേവനമനുഷ്ഠിച്ചിരുന്നു. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സർവീസ് ഉടമയായിരുന്ന പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്. ആനന്ദകൃഷ്ണൻ, ശിവറാം, ഡോ. സീതാലക്ഷ്മി എന്നിവർ സഹോദരങ്ങളാണ്. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കും.