വിഎസ് അച്യുതാനന്ദന്റെ മൃതദേഹം വിലാപയാത്രയായി ആലപ്പുഴയിലേക്ക്; മുദ്രാവാക്യം മുഴക്കി ആയിരങ്ങൾ
Tuesday 22 July 2025 2:24 PM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക്. മുൻകൂട്ടി നിശ്ചയിച്ചതുപോലെ ഉച്ചയ്‌ക്ക് രണ്ടേകാലോടെയാണ് വിലാപയാത്ര ആരംഭിച്ചത്. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടന്ന പൊതുദർശനത്തിൽ പ്രിയ നേതാവിന് അന്തിമോപചാരമർപ്പിക്കാൻ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരെത്തി. വിഎസിനെ അവസാനമായി കാണുന്നതിനായി സെക്രട്ടേറിയറ്റിന് സമീപമുള്ള കെട്ടിടങ്ങളിലും മറ്റുമായി ആളുകൾ തിങ്ങിനിറഞ്ഞു.
വിഎസിന്റെ മൃതദേഹം ദർബാർ ഹിളിൽ നിന്ന് പുറത്തേക്കെടുത്തപ്പോൾ പാർട്ടി പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം വിളികൾ മുഴക്കി. തിരുവനന്തപുരം ജില്ലയിൽ 27 പോയിന്റുകളിലും കൊല്ലത്ത് 17 പോയിന്റുകളിലുമാണ് പൊതുദർശനം നടത്തുക. രാത്രിയോടെ വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് എത്തിച്ചേരുമെന്നാണ് സിപിഎം നേതാക്കൾ അറിയിച്ചത്.