ദിവസം എത്രസമയം യോഗ ചെയ്യണം? ശരീരഭാരം കുറയ്ക്കാൻ ചെയ്യേണ്ടത്; സംശയങ്ങൾക്ക് മറുപടിയുമായി ആനന്ദ് നാരായണൻ
ശരീരത്തിന് മാത്രമല്ല മനസികാരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് യോഗ. ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനുമൊക്കെയായി കോടിക്കണക്കിനാളുകളാണ് യോഗയെ ആശ്രയിക്കുന്നത്. എന്നാൽ യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, തുടക്കക്കാർ എന്തൊക്കെ ചെയ്യണമെന്നുമൊക്കെ സംശയമുള്ള നിരവധി പേരുണ്ട്. ഇത്തരം സംശയങ്ങൾക്കെല്ലാം കേരള കൗമുദി ഓൺലൈനിലൂടെ മറുപടി നൽകിയിരിക്കുകയാണ് ആർട്ട് ഓഫ് ലിവിംഗിന്റെ ഫുൾടൈം ട്രെയിനറായ ആനന്ദ് നാരായണൻ.
അരലക്ഷത്തോളം പേരിലേക്ക് യോഗ എത്തിച്ചു
ഞാൻ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനിയറാണ്. ടെലിവിഷൻ അവതാരകനും ഗായകനും കൂടിയാണ്. ഇപ്പോൾ ആർട്ട് ഓഫ് ലിവിംഗിന്റെ ഫുൾടൈം ട്രെയിനർ കൂടിയാണ്. യോഗയിൽ സെൻട്രൽ ഗവൺമെന്റിന്റെ രണ്ട് സർട്ടിഫിക്കറ്റ് ലഭിച്ച തെന്നിന്ത്യയിലെ തന്നെ ആദ്യത്തെ യോഗാ ട്രെയിനർമാരിലൊരാളാണ് ഞാൻ.
നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കൗൺസിലിന്റെയും മിനിസ്ട്രി ഓഫ് ആയുഷിന്റെയും സർട്ടിഫിക്കറ്റേഷൻ ഉണ്ട്. ഒപ്പം ഇന്റർനാഷണൽ യോഗ അലയൻസും ഇന്ത്യൻ യോഗ അസോസിയേഷനും അക്രഡിറ്റ് ചെയ്ത യോഗ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാം നയിക്കുന്ന ഒരു ട്രെയിനർ കൂടിയാണ് ഞാൻ. ഇരുപത്തിമൂന്നിലേറെ വർഷമായി ഞാൻ യോഗ അഭ്യസിക്കുന്നു. ലോകമെമ്പാടുമുള്ള അരലക്ഷത്തോളം പേരിലേക്ക് യോഗ എത്തിക്കാൻ സാധിച്ചു.
യോഗ ചെയ്യുന്നതിന്റെ ഗുണങ്ങൾ
യോഗ ചെയ്യുന്നതുകൊണ്ട് ശരീരത്തിനും മനസിനും നിരവധി ഗുണങ്ങളുണ്ട്. ശരീരം ഫ്ളക്സിബിളാകുന്നു, ശക്തി കൂടുന്നു, അവയവങ്ങളെല്ലാം നല്ലരീതിയിൽ പ്രവർത്തിച്ചുതുടങ്ങുന്നു, രക്തചംക്രമണം മെച്ചപ്പെടുന്നു, രോഗപ്രതിരോധശേഷി മെച്ചപ്പെടുന്നു, കോൺസൻട്രേഷൻ കൂടുന്നു, സ്ട്രസ് കുറയുന്നു, ഉറക്കം മെച്ചപ്പെടുന്നു തുടങ്ങി നിരവധി ഗുണങ്ങളുണ്ട്.
എങ്ങനെ യോഗ ചെയ്തു തുടങ്ങാം
ഓൺലൈനായും ഓഫ്‌ലൈനായും ഞാൻ ക്ലാസുകളെടുക്കുന്നുണ്ട്. ഏത് രീതിയിൽ വേണമെങ്കിലും തുടങ്ങാം. എന്റെ അഭിപ്രായത്തിൽ ഓൺലൈൻ ക്ലാസുകൾ വളരെ എളുപ്പത്തിൽ അറ്റൻഡ് ചെയ്യാൻ സാധിക്കും. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും മടിയുമൊക്കെ ഉണ്ടെങ്കിൽ ഓൺലൈനായി തുടങ്ങാം.
തുടക്കക്കാർക്ക് ചെയ്യാൻ കഴിയുന്ന നിരവധി ആസനങ്ങളും പ്രാണായാമങ്ങളുമുണ്ട്. നാഡീശോധന പ്രാണായാമം, ഭസ്ത്രികാ പ്രാണായാമം, ഹസ്തപാദാ ആസൻ പോലുള്ളവ ചെയ്യാം. എല്ലാ ബേസിക്കായിട്ടുള്ള ആസനങ്ങളും തുടക്കക്കാർക്ക് ചെയ്യാം. ഓരോ വ്യക്തിക്കും അവരുടെ ശരീരത്തിന് അനുസരിച്ചുള്ള രീതിയിൽ ഈ ആസനങ്ങൾ തുടരാം.
തുടക്കക്കാരാണെങ്കിൽ ദിവസം അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ചെയ്യുന്നതാണ് നല്ലത്. ശാസ്ത്രമനുസരിച്ച് 50 മിനിട്ടാണ് ഒരു ദിവസം നമ്മൾ വ്യായാം ചെയ്യേണ്ടത്. എന്റെ അഭിപ്രായത്തിൽ 50 മിനുട്ട് അല്ലെങ്കിൽ ഒരു മണിക്കൂർ യോഗയാണ് നല്ലത്. പിന്നെ എക്സ്‌പേർട്ടായ ആളുകളാണെങ്കിൽ രണ്ട് മണിക്കൂർ വരെ ചെയ്യാം.
ശരീരഭാരം കുറയ്ക്കാൻ
ശരീരഭാരം കുറയ്ക്കാൻ ഏറ്റവും ഫലപ്രദം സൂര്യനമസ്‌കാരം തന്നെയാണ്. സൂര്യനമസ്‌കാരത്തിലെ ആസനങ്ങൾ കുറച്ച് ഫാസ്റ്റായിട്ട്, മീഡിയം തൊട്ട് ഫാസ്റ്റ് സ്പീഡിൽ ചെയ്യുന്നത് അമിതമായിട്ടുള്ള കൊഴുപ്പ് കത്തിക്കാൻ സഹായിക്കും. സൂര്യനമസ്‌കാരത്തിന്റെ കൂടെ ഭസ്ത്രിക പ്രാണായാമം, കപാലഭാതി, അഗ്നിസാര ഈ മൂന്ന് പ്രാണയാമങ്ങൾ ചെയ്യുന്നതും വളരെ ഫലപ്രദമാണ്. ഇതിന്റെ കൂടെ ഡയറ്റും ഫോളോ ചെയ്യണം. ഡയറ്റ് നോക്കാതെ യോഗ ചെയ്തതുകൊണ്ട് മാത്രം ശരീരഭാരം കുറയ്ക്കാനാകില്ല. ഡയറ്റിനൊപ്പം എല്ലാ ദിവസവും പതിനഞ്ച് മിനിട്ട് സൂര്യനമസ്‌കാരവും ചെയ്താൽ നല്ല മാറ്റമുണ്ടാകും. കൊഴുപ്പ് കത്തിക്കാനും വെയ്റ്റ് കുറയ്ക്കാനും ആകുമെന്ന് മാത്രമല്ല നല്ലൊരു ശരീരഘടനയും നിലനിർത്താൻ സാധിക്കും.
പിരീഡ്സ് സമയത്ത് യോഗ ചെയ്യാമോ
പിരീഡ്സിന്റെ ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ സ്‌ട്രെയിൻ വരുന്നരീതിയിൽ യോഗ ചെയ്യുന്നത് നല്ലതല്ല. പക്ഷേ ഈ ദിവസങ്ങളിലും ധ്യാനവും പ്രാണായാമങ്ങളും തുടരാം. ഇത് പീരീഡ്സ് സമയത്തെ വേദനകൾ കുറയ്ക്കാൻ സഹായിക്കുന്നു. മൂന്ന് ദിവസത്തിന് ശേഷം ഉദരത്തിന്റെ ഭാഗത്ത് എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നുകയാണെങ്കിൽ വയറിൽ സ്‌ട്രെയിൻ വരുന്ന ആസനങ്ങൾ ചെയ്യാതിരിക്കുക.
ഭക്ഷണം
ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിന് ശേഷം യോഗ ചെയ്യുന്നതാണ് നല്ലത്. നിറഞ്ഞ വയറോടെ യോഗ ചെയ്യുന്നത് ഉത്സാഹക്കുറവിനും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഇടയാക്കിയേക്കാം. നന്നായി വെള്ളം കുടിക്കുക. നന്നായി വാം അപ് ചെയ്യുക. യോഗ ചെയ്‌തു കഴിഞ്ഞാൽ അഞ്ചോ പത്തോ മിനിട്ടിന് ശേഷം ഭക്ഷണം കഴിക്കാം.
എന്ത് ഡയറ്റ് ഫോളോ ചെയ്യണമെന്നത് അവരവരുടെ ഇഷ്ടാനുസരണം ചെയ്യാം. പൊതുവേ യോഗ ട്രെയിനേഴ്സ് നിർദേശിക്കുന്നത് വെജിറ്റേറിയൻ ഡയറ്റാണ്. സമീകൃത ആഹാരം. എല്ലാ പോഷകങ്ങളും അടങ്ങുന്ന വെജിറ്റേറിയൻ ഡയറ്റാണ് ഏറ്റവും മികച്ച ഭക്ഷണക്രമം.
യോഗ ചെയ്യുമ്പോൾ ഒഴിവാക്കേണ്ടത്
അമിതമായിട്ടുള്ള സ്‌ട്രെയിൻ ഒഴിവാക്കണം. ഉത്സാഹം കാരണം കൂടുതൽ സമയം യോഗ ചെയ്യും. ഇത് വിപരീതഫലമുണ്ടാക്കിയേക്കാം. അസുഖബാധിതരാണെങ്കിൽ ഏതൊക്കെ യോഗ ചെയ്തുകൂടാ എന്നൊക്കെ മനസിലാക്കുക. അല്ലാതെ യോഗ ചെയ്യുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങളൊന്നുമില്ല. അരോഗ്യത്തോടെ നല്ല ജീവിതം നയിക്കാൻ എന്തൊക്കെയാണോ ഒഴിവാക്കേണ്ടത് അതുതന്നെയാണ് യോഗ ചെയ്യുന്ന വ്യക്തിയും ഒഴിവാക്കേണ്ടത്.
പ്രാണായാമം, ആസനം, ധ്യാനം
യോഗയുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് അംഗങ്ങളാണിത്. ഇതിൽ ധ്യാനം എല്ലാവർക്കും ചെയ്യാം. ഒരു പാർശ്വഫലങ്ങളും ധ്യാനത്തിന് ഇല്ല. ശരീരത്തിനും മനസിനും ആരോഗ്യവും സന്തോഷവും പുഷ്ടിയുമൊക്കെ തരുന്ന പ്രകിയയാണിത്.
ശരീരത്തെയും മനസിനെയും വിശ്രമിപ്പിക്കുന്ന നാഡീശോധന പ്രാണായാമം പോലുള്ളവ ഏറെക്കുറേ എല്ലാവർക്കും ചെയ്യാം. ബിപി കുറഞ്ഞവർ ഇത് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ഊർജസ്വലമാക്കുന്ന ചില പ്രാണയാമങ്ങൾ ഹൃദ്രോഗമുള്ളവരും ബിപി കൂടുതലുള്ളവരും ഒഴിവാക്കുന്നത് നല്ലതാണ്. വയറിന്റെ ഭാഗത്ത് പ്രഷർ വരുന്ന ആസനങ്ങളും പ്രാണയാമങ്ങളും ഉദരസംബന്ധമായ പ്രശ്നങ്ങളുള്ളവരും ഹെർണിയ ഉള്ളവരും ഒഴിവാക്കുക. ഗർഭിണികൾ ഒഴിവാക്കേണ്ട ഒരുപാട് ആസനങ്ങളും പ്രാണയാമങ്ങളുമുണ്ട്. ഗർഭകാലത്ത് ശരീരത്തെ വിശ്രമിപ്പിക്കുന്ന രീതിയിലുള്ള യോഗ മാത്രം ചെയ്യുക. ഓരോ രോഗാവസ്ഥകൾക്കും എടുക്കേണ്ട ചില നിബന്ധനങ്ങളുണ്ട്. ഓരോ ആസനത്തിന്റെയും പാർശ്വഫലങ്ങൾ മനസിലാക്കി വേണം ഇത് ചെയ്യാൻ. ഉദാഹരണത്തിന് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ കാലുകൾ മുകളിലേക്കുയർത്തി ചെയ്യുന്ന ആസനങ്ങൾ ചെയ്യാതിരിക്കുക.