വാടകക്കാരന് അഡ്വാൻസ് തുകയ്‌ക്കൊപ്പം ഒരു കിടിലൻ സമ്മാനവും; ഇങ്ങനെയൊരു വീട്ടുടമയോ! വൈറലായി കുറിപ്പ്

Tuesday 22 July 2025 4:04 PM IST

ബംഗളൂരു: വാടക വീട്ടിൽ നിന്ന് ഒഴിയുമ്പോൾ കൊടുത്ത അഡ്വാൻസ് തുക തിരികെ കൊടുക്കാൻ മടിക്കുന്നവരാണ് ഭൂരിഭാഗം വീട്ടുടമകളും. എന്നാൽ, ബംഗളൂരുവിലെ ഒരു വീട്ടുടമസ്ഥൻ ചെയ്‌ത കാര്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി തന്റെ വീട്ടിൽ താമസിച്ചയാൾ ഒഴിഞ്ഞുപോയപ്പോൾ ഒരു വെള്ളി വളയാണ് അദ്ദേഹം സമ്മാനമായി നൽകിയത്. താമസക്കാരൻ റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റിൽ ഇതിന്റെ ചിത്രം ഉൾപ്പെടെ പോസ്റ്റിലുണ്ട്. വീട്ടുടമസ്ഥൻ തന്നോട് ഒരു കുടുംബാംഗത്തെപ്പോലെയാണ് പെരുമാറിയിട്ടുള്ളതെന്നും യുവാവ് കുറിച്ചു. സ്വന്തം സ്‌കൂട്ടർ പോലും അദ്ദേഹം ഓടിക്കാൻ നൽകിയിരുന്നു എന്നും കുറിപ്പിലുണ്ട്.

നിരവധിപേരാണ് വീട്ടുടമയുടെ നല്ല മനസിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. വളരെ അപൂർവം ചിലർ മാത്രമേ ഇങ്ങനെ ഉണ്ടാവുകയുള്ളു എന്നാണ് പലരും കമന്റിട്ടിരിക്കുന്നത്. അദ്ദേഹത്തിന് തിരിച്ചും എന്തെങ്കിലും ഉപഹാരം നൽകുക, ഇങ്ങനെയുള്ള ആളുകളെ കണ്ടുകിട്ടാൻ പോലും പ്രയാസമാണെന്നും ചിലർ കുറിച്ചു.