'എന്റെ പെരുമാറ്റത്തെക്കുറിച്ച് എനിക്ക് മാത്രമേ  പറയാൻ കഴിയൂ, അവരൊക്കെ ആരാണ്';  മറുപടിയുമായി  ശശി തരൂർ

Tuesday 22 July 2025 4:18 PM IST

ന്യൂ‌ഡൽഹി: കേരളത്തിലെ കോൺഗ്രസ് നേതൃത്വം തനിക്കെതിരെ നടത്തുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ശശി തരൂർ എംപി. 'പറയുന്ന ആളുകൾക്ക് അങ്ങനെ പറയാൻ എന്തെങ്കിലും അടിസ്ഥാനമുണ്ടായിരിക്കണം. അവർ ആരാണെന്ന് അറിയണം. അപ്പോൾ കാണാം. മറ്റുള്ളവരുടെ കാര്യം എന്നോട് ചോദിക്കരുത്. എന്റെ പെരുമാറ്റത്തെക്കുറിച്ച് എനിക്ക് മാത്രമേ പറയാൻ കഴിയൂ," തരൂർ ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം തരൂർ നടത്തിയ പരാമർശങ്ങൾ പിൻവലിക്കുന്നതുവരെ അദ്ദേഹത്തെ സംസ്ഥാനത്തെ പാർട്ടി പരിപാടിയിലേക്ക് സ്വാഗതം ചെയ്യില്ലെന്നാണ് കെ മുരളീധരൻ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്.

'തരൂർ നിലപാടിൽ മാറ്റം വരുത്തുന്നതു വരെ തിരുവനന്തപുരത്ത് നടക്കുന്ന ഒരു പാർട്ടി പരിപാടിയിലേക്കും തങ്ങൾ ക്ഷണിക്കില്ല. അദ്ദേഹം ഞങ്ങളോടൊപ്പമില്ലെന്ന് കണക്കാക്കും. പാർട്ടി പുറത്താക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ല. നടപടി വേണെമോ വേണ്ടയോ എന്നുള്ള കാര്യം ദേശീയ നേതൃത്വം തീരുമാനിക്കും'-മുരളീധരൻ പറഞ്ഞു. മുരളീധരന് പിന്നാലെ രാജ്മോഹൻ ഉണ്ണിത്താൻ എംപിയും തരൂരിനെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.

'പാർട്ടിയിൽ തരൂരിന്റെ സാന്നിധ്യം ഭീഷണിയാകുമെന്നും ബിജെപിക്ക് വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്നുമാണ് ഉണ്ണിത്താൻ ആരോപിച്ചത്. പാർട്ടിയിൽ തുടരാൻ വിമുഖതയുണ്ടെങ്കിൽ സ്വയം രാജിവച്ച് പുറത്തു പോകണമെന്നും ഉണ്ണിത്താൻ പറഞ്ഞു.

രാഷ്ട്രീയത്തിനും രാഷ്ട്രീയ പാർട്ടികൾക്കും മേലെ വികസനത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് ശശി തരൂർ പറഞ്ഞതിന് പിന്നാലെയാണ് വിമർശനങ്ങൾ ഒന്നിനു പിറകെ ഒന്നായി തരൂരിന് നേർക്ക് വരുന്നത്. അടിയന്തരാവസ്ഥയെക്കുറിച്ചും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ചും നടത്തിയ പരാമർശങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ചതിനും കടുത്ത വിമർശനങ്ങളാണ് നേരിട്ടത്.

അതേസമയം പാർട്ടിയുമായുള്ള സംഘർഷത്തെക്കുറിച്ചുള്ള ഏതൊരു കാര്യവും അദ്ദേഹം നിസ്സാരമായി കാണുകയും അത്തരം സംഭവങ്ങളെ നേതൃത്വത്തിലെ ചില ഘടകങ്ങളിലുണ്ടാകുന്ന "അഭിപ്രായ വ്യത്യാസങ്ങളെന്ന് പറയുകയും ചെയ്തു. കഴിഞ്ഞ 16 വർഷമായി പാർട്ടിയോടും അതിന്റെ പ്രത്യയശാസ്ത്രത്തോടും വിശ്വസ്തത പുലർത്തുന്നയാളാണെ് താനെന്നും തരൂർ ചൂണ്ടിക്കാട്ടി.