ഭവന നിര്‍മ്മാണ പദ്ധതിയില്‍ ക്രമക്കേട്; മുന്‍ വനിതാ വാര്‍ഡ് മെമ്പര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്

Tuesday 22 July 2025 6:40 PM IST

തിരുവനന്തപുരം: കല്ലറ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ക്രമക്കേട് നടത്തിയ കല്ലറ ഗ്രാമ പഞ്ചായത്തിലെ വെള്ളംകുടി വാര്‍ഡ് മെമ്പര്‍ ആയിരുന്ന കെ.ഷീലയെ 3 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഈടാക്കുന്നതിനും തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചു.

തിരുവനന്തപുരം കല്ലറ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കിയിരുന്നു. വെള്ളംകുടി വാര്‍ഡിലേക്കുള്ള ഗുണഭോക്താക്കളെ ഗ്രാമസഭ കൂടി തീരുമാനിക്കുകയും മിനിറ്റ്‌സ് ബുക്കില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കല്ലറ ഗ്രാമ പഞ്ചായത്തിലെ വെള്ളംകുടി വാര്‍ഡ് മെമ്പര്‍ ആയിരുന്ന കെ.ഷീല, ഗ്രാമസഭകൂടി തീരുമാനിച്ച മിനിറ്റ്‌സ് ബുക്കില്‍ രേഖപ്പെടുത്തിയിരുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ കൃത്രിമം നടത്തി ഗ്രാമസഭ തിരഞ്ഞെടുത്ത ചില ഗുണഭോക്താക്കളെ ഒഴിവാക്കി അധികമായി മറ്റ്ചിലരുടെ പേര് എഴുതി ചേര്‍ക്കുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ അധികമായി പേര് എഴുതിച്ചേര്‍ത്തവര്‍ക്ക് പദ്ധതി പ്രകാരമുള്ള വീട് അനുവദിക്കുന്നതിന് കല്ലറ ഗ്രാമപഞ്ചായത്ത് പിന്നീട് തുക അനുവദിക്കുകയും ചെയ്തിരുന്നു. വെള്ളംകുടി വാര്‍ഡ് മെമ്പറായിരുന്ന ഗ.ഷീല ഗ്രാമസഭയുടെയോ, പഞ്ചായത്ത് കമ്മറ്റിയുടെയോ അംഗീകാരം വാങ്ങാതെ ഗ്രാമസഭാ മിനുട്ട്‌സ് തിരുത്തി കൂടുതല്‍ ഗുണഭോക്താക്കളെ കൂട്ടിച്ചേര്‍ത്ത് പദ്ധതിയില്‍ ക്രമക്കേട് നടത്തിയതിലേക്ക് തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്ന കേസിലാണ് മുന്‍ വാര്‍ഡ് മെമ്പറായിരുന്ന കെ.ഷീല കുറ്റക്കാരിയാണെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി കണ്ടെത്തി, വിവിധ വകുപ്പുകളിലായി ആകെ 3 വര്‍ഷത്തെ കഠിന തടവിനും 1 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചത്.

തിരുവനന്തപുരം വിജിലന്‍സ് ജഡ്ജ് ശ്രീ. മനോജ്.എ ആണ് വിധി പുറപ്പെടുവിച്ചത്. വിജിലന്‍സിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രീമതി. വീണാ സതീശന്‍ ഹാജരായി. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യര്‍ത്ഥിച്ചു.