കാലത്തിന് മായ്ക്കാനാവാത്ത കർമ്മയോഗി
കാലത്തിന് മായ്ക്കാൻ സാധിക്കാത്ത കർമ്മയോഗിയായിരുന്നു വി.എസ്.അച്യുതാനന്ദൻ. താൻ വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രത്തിൽ നിന്ന് അണുവിട വ്യതിചലിക്കാതെ ആദർശ രാഷ്ട്രീയത്തിന് വേണ്ടി നിലകൊണ്ടു. ഒരു പുരുഷായുസ് മുഴുവൻ സാധാരണക്കാരുടേയും അടിച്ചമർത്തപ്പെട്ട ജനതയുടേയും സമുദ്ധാരണത്തിനായി അദ്ദേഹം ജീവിതം സമർപ്പിച്ചു.
ശ്രീനാരായണ ഗുരുദേവന്റെ ഭൗതിക ദാർശനിക സിദ്ധാന്തങ്ങളെ കമ്മ്യൂണിസ്റ്റ് ആശയവുമായി സമന്വയിപ്പിച്ചുകൊണ്ട് ഇതിഹാസതുല്യമായ പ്രവർത്തനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
ഗുരുദേവദർശനത്തിന്റെ തനിമയും മഹിമയും കാത്തുസൂക്ഷിക്കണമെന്നും പ്രചരിപ്പിക്കണമെന്നുമുള്ള കാര്യത്തിൽ പ്രതിജ്ഞാബദ്ധമായിരുന്നു. ഗുരുദേവകൃതികൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിൽ വി.എസിന് അനുകൂല നിലപാടായിരുന്നു. പല വേദികളിലും പല അവസരങ്ങളിലും ശ്രീനാരായണ പ്രസ്ഥാനത്തിന്റെ തുടർച്ചയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന് വി.എസ് പ്രസംഗിച്ചിരുന്നു.
ശ്രീനാരായണ പ്രസ്ഥാനത്തിന്റെ പിന്തുടർച്ചയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന് സമർത്ഥിച്ചുകൊണ്ട് ഒരു പുസ്തകമുണ്ടാകേണ്ടത് ആവശ്യമാണ് എന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. എന്തുകൊണ്ടോ അങ്ങനെ ഒരു പുസ്തകമിറങ്ങിയില്ല. ശ്രീനാരായണ ഗുരുവിന്റെ ദർശനത്തേയും ഗുരുവിന്റെ പ്രസ്ഥാനത്തേയും തമസ്കരിക്കുന്നതിന് ചില ഭാഗത്ത് നിന്നുണ്ടായിട്ടുള്ള ശ്രമങ്ങളെക്കുറിച്ചും വി.എസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അത് ശ്രദ്ധയോടുകൂടി ശ്രവണം ചെയ്ത് ചില ഭാഗങ്ങൾ വന്നപ്പോൾ ഒന്നിരുത്തി മൂളുകയും ചെയ്തത് ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്.
ഗുരു വിഭാവനം ചെയ്ത ജാതിമതരഹിതമായ സമൂഹവും ഭേദചിന്തക്കൾക്കതീതമായി മനുഷ്യരെല്ലാം ഒന്നായി ജീവിക്കണമെന്നുള്ള ഗുരുവിന്റെ ദർശനവും അദ്ദേഹത്തിന് ഏറെ പ്രിയങ്കരമായിരുന്നു. ജാതീയതയും മതാന്ധതയും മതതീവ്രവാദവും വർദ്ധിച്ചിരിക്കുന്ന പരിതസ്ഥിതിയിൽ അദ്ദേഹം അതിനുള്ള ഒരു പരിചയായി സ്വീകരിച്ചത് ഗുരുദർനത്തെയാണ്. കണ്ണേ കരളേ വി.എസ്സേ എന്നുള്ള മുദ്രാവാക്യം കൊണ്ട് മാത്രം നമുക്ക് മനസ്സിലാക്കാം അദ്ദേഹം ജനഹൃദയങ്ങളിൽ നേടിയെടുത്ത സ്ഥാനം.