ഇഴഞ്ഞുനീങ്ങി കിൻഫ്ര ജലപദ്ധതി

Wednesday 23 July 2025 1:42 AM IST
കിൻഫ്ര

കഞ്ചിക്കോട്: മലമ്പുഴ വെള്ളം കഞ്ചിക്കോട് മേഖലയിലെ വ്യവസായ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നതിനായി 2019ൽ തുടങ്ങിയ കിൻഫ്ര ജലപദ്ധതി ഇഴഞ്ഞ് നീങ്ങുന്നു. മലമ്പുഴ ഡാമിലെ വെള്ളം കിൻഫ്രയിലേക്ക് പൈപ്പ്ലൈൻ വഴി എത്തിക്കാനാണ് പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ നിർമ്മാണം തുടങ്ങി ആറ് വർഷം ആയിട്ടും പദ്ധതി പൂർത്തിയാക്കാനായില്ല. 23 കോടി രൂപയായിരുന്നു പദ്ധതിയുടെ പ്രതീക്ഷിത നിർമ്മാണ ചെലവ്. പദ്ധതി പൂർത്തിയാകാൻ കാലതാമസം നേരിടുന്നതിനാൽ തുക ഇതിലും ഉയരും. അടുത്ത കാലത്തൊന്നും പൂർത്തിയാകുന്ന നിലയിലുമല്ല കാര്യങ്ങൾ. പദ്ധതി പൂർണമാകണമെങ്കിൽ പത്ത്‌കോടി ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കണം. ഇതിനായി കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ സർക്കാർ ആറരക്കോടി രൂപ നീക്കിവെക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പദ്ധതി ഇഴഞ്ഞ് നീങ്ങുകയാണ്. പൈപ്പ് ലൈൻ വലിക്കാനുണ്ടായ കാലതാമസമാണ് പദ്ധതി പൂർത്തിയാക്കുന്നതിന് തടസമായത്. 16 കിലോമീറ്റർ നീളത്തിലാണ് പൈപ്പ് ലൈൻ. മലമ്പുഴ, പുതുശ്ശേരി, എലപ്പുള്ളി പഞ്ചായത്തുകളിലൂടെയാണ് പൈപ്പ് ലൈൻ കടന്ന് പോകുന്നത്. എന്നാൽ റെയിൽവേയുടെ സ്ഥലത്ത് കൂടി വേണം പൈപ്പ്‌ലൈൻ പോകുന്നതെന്നതാണ് പ്രധാന കടമ്പ. റെയിൽവെയുടെ നിസഹരണം പദ്ധതി വൈകുന്നതിന്റെ പ്രധാന കാരണമാണ്.

കിൻഫ്ര ജലപദ്ധതിയിലേക്ക് മലമ്പുഴ ഡാമിൽ നിന്ന് പ്രതിദിനം പത്ത് ലക്ഷം ലിറ്റർ വെള്ളം അനുവദിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മഴവെള്ള സംഭരണം, ജലശുദ്ധീകരണം പോലുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തി പ്രതിദിനം അഞ്ച് ലക്ഷം ലിറ്റർ വെള്ളം കണ്ടെത്താനും കൂടി പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. മലമ്പുഴ ഡാമിലെ വെള്ളം കിൻഫ്രയിലെത്തിക്കാനുള്ള പണികൾ പോലും എങ്ങും എത്തിയിട്ടില്ല. മഴവെള്ള സംഭരണി, ജല ശുദ്ധീകരണ പ്ലാന്റ് എന്നിവയെ കുറിച്ചൊന്നും ഒരു രൂപരേഖ പോലും തയ്യാറാക്കിയിട്ടില്ല. അടുത്തകാലത്തൊന്നും ഈ പദ്ധതി വഴി മലമ്പുഴ വെള്ളം കഞ്ചിക്കോട്ടെ വ്യവസായ ശാലകൾക്ക് കിട്ടില്ലെന്നതാണ് നിലവിലെ സ്ഥിതി.