'കണ്ണേ കരളേ വിഎസ്സേ...'; ജിജിൻ വിളിച്ച മുദ്രാവാക്യം ഏറ്റുവിളിച്ച് കേരളക്കര

Wednesday 23 July 2025 1:45 AM IST
ജിജിൻ

പാലക്കാട്: കണ്ണേ കരളേ വിഎസ്സേ... കേരളത്തിന്റെ തെരുവീഥികളിൽ ഉയർന്നു കേൾക്കുന്ന മുദ്രാവാക്യം ഇതാണ്. കേരളമൊട്ടാകെ മുമ്പും പലതവണ ഈ മുദ്രാവാക്യം കേട്ടു. ഇങ്ങനെ സ്വന്തമായി ഒരു മുദ്രാവാക്യം കിട്ടിയ മറ്റൊരു ജനപ്രിയ നേതാവ് ഉണ്ടാകില്ല. കേരളം വിഎസിന് വേണ്ടി കണ്ണേ, കരളേ എന്ന മുദ്രാവാക്യവും ഏറ്റെടുത്തു. ഇന്നും ആർക്കും അറിയില്ല ആ മുദ്രാവാക്യം ആദ്യം വിളിച്ചത് ആരാണെന്ന്. മലമ്പുഴ മണ്ഡലത്തിൽ മത്സരിക്കാൻ വി.എസ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന സമയത്താണ് ഒരു 18 വയസുള്ള എസ്.എഫ്‌.ഐ പ്രവർത്തകൻ മുദ്രാവാക്യം വിളിക്കുന്നത്. മുണ്ടൂർ സ്വദേശിയായ ജിജിൻ പറയുന്നു മുദ്രാവാക്യം വന്ന വഴി. 2001ൽ മലമ്പുഴയിൽ മത്സരിക്കാനായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ വി.എസിനെ അന്നത്തെ യുവ നേതാക്കൾ, എസ്.എഫ്‌.ഐക്കാർ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചത് ആ മുദ്രാവാക്യം വിളിച്ചാണ്. ആ മുദ്രാവാക്യം ആദ്യമായി വിളിച്ചത് അന്നത്തെ 18 കാരനായ ജിജിൻ മുണ്ടൂരാണ്. ഇന്ന് ഡി.വൈ.എഫ്‌.ഐ നേതാവാണ് ജിജിൻ.

'മുത്തശ്ശന്റെ പ്രായമാണ് സഖാവ് വി.എസിന്. മുത്തശ്ശൻ പറഞ്ഞാണ് വി.എസിനെ അറിയുന്നത്. എന്ത് അനീതികൾക്കെതിരെ മുന്നിൽ നിൽക്കാൻ വി.എസിന് ഒരു കഴിവുണ്ട്. ബാലസംഘത്തിലൂടെ ആയിരുന്നു എന്റെ വരവ്. അന്നത്തെ ഞങ്ങളുടെ എൽ.സി സെക്രട്ടറിയായിരുന്ന ലക്ഷ്മണനാണ് നമുക്ക് സ്വീകരിക്കാൻ പോകണം എന്ന് പറഞ്ഞത്. അന്ന് മനസിൽ നിന്നും വന്നതാണ് കണ്ണേ... കരളേ വി.എസ്സേ എന്ന മുദ്രാവാക്യം. നമ്മളെയൊക്കെ ചേർത്തു പിടിക്കാൻ കഴിയുന്ന ഒരാളുണ്ട് എന്ന അറിവാണ് ആ മുദ്രാവാക്യം വിളിക്കാൻ ഉണ്ടായ സാഹചര്യം. ഒരു മുത്തശ്ശനെ പോലെ നമുക്കൊക്കെ എന്ത് കാര്യം വന്നാലും അതിനെ പ്രതിരോധിക്കാൻ നമ്മുടെ മുന്നിൽ ഉണ്ടാവും എന്ന കരുതലാണ് ആ മുദ്രാവാക്യം വിളിക്കാൻ ഉണ്ടായത്. ആ മുദ്രാവാക്യം കേരളക്കര മുഴുവൻ ഏറ്റെടുത്തത് വി.എസ് എന്ന ഇതിഹാസത്തിന് നൽകിയ അംഗീകാരമാണ്, ജിജിൻ എന്ന് പറയുന്ന ഒരാളുടെ വാക്കിന് നൽകിയതല്ല. ലോകം മുഴുവൻ ഇന്നാ മുദ്രാവാക്യം വിളിക്കുന്നു എന്ന് പറയുമ്പോൾ ഞാൻ വി.എസ് എന്ന മനുഷ്യന് നൽകുന്ന ബഹുമാനവും പ്രതീക്ഷയും ആണത്. അനീതിക്കെതിരെ ശബ്ദിക്കുമ്പോൾ അദ്ദേഹം കണ്ണും കരളുമാണ്. 'കണ്ണേ..... കരളേ വിഎസ്സേ, പുന്നപ്രയുടെ സമര സഖാവേ, ഈക്വിലാബ് സിന്ദാബാദ്' ജിജിൻ പറഞ്ഞു നിറുത്തി.