കമ്പനികളുടെ പ്രവർത്തന ഫലങ്ങളിൽ ആശങ്ക

Wednesday 23 July 2025 12:34 AM IST

കൊച്ചി: സ്വകാര്യ ബാങ്കുകളായ എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ ഒഴികെയുള്ള കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ നിരാശപ്പെടുത്തിയതോടെ ഇന്ത്യയിൽ നിക്ഷേപകർക്ക് നെഞ്ചിടിപ്പേറുന്നു. പ്രമുഖ വ്യവസായ മേഖലകളിലെല്ലാം ലാഭ സമ്മർദ്ദമേറുന്നുവെന്നാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയടക്കമുള്ള വിപണികളിൽ നിന്നും വൻതോതിൽ പണം പിൻവലിക്കുകയാണ്. ജൂലായിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 3,500 കോടി രൂപയാണ് പിൻവലിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസിന്റെ വരുമാനത്തിലുണ്ടായ 1.9 ശതമാനം ഇടിവാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്നത്. അമേരിക്ക ഉൾപ്പെടെയുള്ള പ്രധാന വിപണികളിൽ ഐ.ടി സേവനങ്ങളുടെ ഉപഭോഗത്തിൽ ഇടിവുണ്ടാകുന്നുവെന്ന സൂചനയാണ് ടി.സി.എസിന്റെ പ്രവർത്തന ഫലങ്ങൾ നൽകുന്നത്. ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം വിപണിയിൽ കുറയുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. രണ്ടാഴ്ചയായി ഓഹരി വിപിണിയിലെ വ്യാപാരത്തോത് 30 ശതമാനത്തിലധികം ഇടിഞ്ഞുവെന്ന് ബ്രോക്കർമാർ പറയുന്നു. പതിനഞ്ച് വർഷത്തിനിടെയിൽ ഇതാദ്യമായാണ് ബ്രോക്കിംഗ് മേഖലയിലെ വ്യാപാരത്തോതിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തുന്നത്. നടപ്പുവർഷം സെക്യൂരിറ്റി ട്രാൻസാക്ഷൻ നികുതി(എസ്.ടി.ടി) ലക്ഷ്യമിടുന്നതിന്റെ പകുതി പോലും കേന്ദ്ര സർക്കാരിന് ലഭിക്കാനിടയില്ലെന്നും ചൂണ്ടിക്കാട്ടുന്നു.