അമേരിക്കയുമായി ഇടക്കാല കരാറിന് സാദ്ധ്യത മങ്ങുന്നു

Wednesday 23 July 2025 12:39 AM IST

കൊച്ചി: അമേരിക്കയുമായുള്ള ഇടക്കാല വ്യാപാര കരാർ ആഗസ്‌റ്റ് ഒന്നിന് മുൻപ് യാഥാർത്ഥ്യമാകുന്നതിന് സാദ്ധ്യത മങ്ങുന്നു. അമേരിക്കൻ കാർഷിക, ഡെയറി ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി തുറന്നു നൽകുന്നതിൽ കേന്ദ്ര സർക്കാരിനുള്ള വിമുഖതയാണ് ചർച്ച വൈകിപ്പിക്കുന്നത്. ആഗസ്‌റ്റ് ഒന്നിന് മുൻപ് വ്യാപാര കരാറിൽ ധാരണയായില്ലെങ്കിൽ ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 26 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. വ്യാപാര കരാറിൽ ധാരണയിലെത്താതെ ചീഫ് നെഗോഷ്യേറ്റർ രാജേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം കഴിഞ്ഞ ദിവസം മടങ്ങിയെത്തി. അടുത്ത ചർച്ചകൾക്കായി ആഗസ്റ്റിൽ യു.എസ് സംഘം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കയുടെ കാർഷിക ഉത്പന്നങ്ങൾക്കായി ഇന്ത്യൻ വിപണി തുറന്നുനൽകുന്നതിലെ വ്യവസ്ഥകളാണ് ചർച്ചകളിലെ പ്രധാന കല്ലുകടി. ചോളം, സോയാബീൻ, ക്ഷീര ഉത്പന്നങ്ങൾ, ആപ്പിൾ, പഴങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്.

തുണിത്തരങ്ങൾ, തുകൽ ഉത്പന്നങ്ങൾ, മരുന്നുകൾ, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, വാഹന ഘടക ഭാഗങ്ങൾ എന്നിവയുടെ തീരുവ പൂർണമായും ഒഴിവാക്കണമെന്നാണ് ഇന്ത്യയുടെ പ്രധാന ആവശ്യം.