ലാഭക്കുതിപ്പോടെ ധനലക്ഷ്മി ബാങ്ക് തിളങ്ങുന്നു
ഏപ്രിൽ-ജൂൺ കാലയളവിൽ അറ്റാദായം 12.18 കോടി രൂപയായി
കൊച്ചി: നടപ്പു സാമ്പത്തിക വർഷം ആദ്യ ത്രൈമാസക്കാലയളവിൽ കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം 12.18 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ എട്ട് കോടി രൂപയുടെ അറ്റനഷ്ടത്തിൽ നിന്ന് വൻകുതിപ്പാണ് ബാങ്ക് നേടിയത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഒന്നാം പാദത്തിൽ 33.28 കോടി രൂപയാണ് ബാങ്കിന്റെ പ്രവർത്തന ലാഭം. മൊത്തം ബിസിനസ് 15.81 ശതമാനം വർദ്ധനയോടെ 29,051 കോടി രൂപയായി. മൊത്തം നിക്ഷേപം 14,441 കോടി രൂപയിൽ നിന്ന് 16,570 കോടി രൂപയായി ഉയർന്നു. റീറ്റെയ്ൽ നിക്ഷേപങ്ങളിൽ 10.35 ശതമാനം വളർച്ച നേടി. മൊത്തം നിക്ഷേപത്തിന്റെ 28.22 ശതമാനം കറന്റ്, സേവിംഗ്സ് ബാങ്ക് നിക്ഷേപമാണ്. മൊത്തം വായ്പ 17.27 ശതമാനം വർദ്ധനയോടെ 12,481 കോടി രൂപയായി. സ്വർണ പണയ വായ്പ 28.10 ശതമാനം വാർഷിക വളർച്ചയോടെ 3153 കോടി രൂപയിൽ നിന്നും 4039 കോടി രൂപയായി. ബാങ്കിന്റെ വായ്പാ നിക്ഷേപ അനുപാതം മുൻവർഷത്തെ 73.70 ശതമാനത്തിൽ നിന്ന് 75.33 ശതമാനമായി ഉയർന്നു. മൊത്തം വരുമാനം 20.45 ശതമാനം വർദ്ധനയോടെ 407.06 കോടി രൂപയായി ഉയർന്നു.
കിട്ടാക്കടം കുത്തനെ കുറയുന്നു
ബാങ്കുകളുടെ പ്രവർത്തനക്ഷമതയുടെ പ്രധാന അളവുകോലായ നിഷ്‌ക്രിയ ആസ്തി ഗണ്യമായി കുറക്കാൻ ധനലക്ഷ്മി ബാങ്കിന് കഴിഞ്ഞു. മൊത്തം നിഷ്‌ക്രിയ ആസ്തി മുൻവർഷം ആദ്യ പാദത്തിലെ 4.04 ശതമാനത്തിൽ നിന്ന് 3.22 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 1.26 ശതമാനത്തിൽ നിന്ന് 1.13 ശതമാനമായും കുറച്ചു. ബാങ്കിന്റെ മൂലധന പര്യാപ്തതാനുപാതം 18.26 ശതമാനമാണ്.
മൊത്തം വിപണി മൂല്യം 1205.41 കോടി രൂപയായി
ആദ്യ ത്രൈമാസ പ്രവർത്തന ഫലം പ്രതീക്ഷ പകരുന്നതാണ്. ചെറുകിട., സ്വർണ്ണ വായ്പകളുടെ മികച്ച വളർച്ച ഭാവി പ്രവർത്തനങ്ങൾക്ക് ഊർജം പകരും
കെ.കെ അജിത്ത് കുമാർ
മാനേജിംഗ് ഡയറക്‌ടർ ആൻഡ് സി.ഇ.ഒ
ധനലക്ഷ്മി ബാങ്ക്