'കത്തുകളുടെ പുസ്തകം' പ്രകാശനം 26ന്
കൊച്ചി: കത്തും കൈയ്യെഴുത്തും അപ്രസക്തമാകുന്ന ആധുനിക കാലത്ത് പഴയ ഹസ്തരചനകൾ കോർത്തിണക്കി പായിപ്ര രാധാകൃഷ്ണൻ തയ്യാറാക്കിയ 'കത്തുകളുടെ പുസ്തകം' 26ന് പ്രകാശനം ചെയ്യും.
കേരള സാഹിത്യ അക്കാഡമിയുടെ അവാർഡ് വിവാദത്തിന് വഴിമരുന്നിട്ട എം.പി. നാരായണപിള്ളയുടെ കത്ത്, തകഴി, ബഷീർ, എസ്.കെ. പൊറ്റക്കാട്, മാധവിക്കുട്ടി, സക്കറിയ, ആനന്ദ് , സി. അച്യുതമേനോൻ, അക്കിത്തം, പി. ഭാസ്‌കരൻ, വയലാർ തുടങ്ങി സാഹിത്യ സാംസ്‌കാരിക സാമൂഹ്യ രംഗങ്ങളിൽ പ്രശസ്തരായ നൂറ്റി എഴുപതോളം മലയാളികൾ സ്വന്തം കൈയ്യക്ഷരത്തിൽ ഗ്രന്ഥകാരന് എഴുതിയതിൽ നിന്ന് തിരഞ്ഞെടുത്ത കത്തുകളുടെ സമാഹാരമാണ് പുസ്തകം.
കഥാകൃത്ത് ടി. പത്മനാഭൻ കൈയ്യക്ഷരത്തിൽ എഴുതിയ അവതാരിക, മലയാറ്റൂർ രാമകൃഷ്ണന്റേതുൾപ്പെടെയുള്ള കാർട്ടൂണുകൾ, കാർട്ടൂണിസ്റ്റ് സുകുമാർ, മദനൻ, കാർട്ടൂണിസ്റ്റ് ശത്രു എന്നിവരുടെ കരിക്കേച്ചറുകൾ, ഒ.വി.വിജയന്റെ കൈയ്യക്ഷരത്തിലുള്ള അപ്രകാശിത കഥ എന്നിവയും പുസ്തകത്തിലുണ്ട്. 26ന് രാവിലെ 10ന് എറണാകുളം ബി.ടി.എച്ച് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഈ പുസ്തകത്തിൽ കൈയ്യെഴുത്തുള്ള ഗോവ മുൻ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയ്ക്കും അടൂർ ഗോപാലകൃഷ്ണനും പുസ്തകത്തിന്റെ ആദ്യപ്രതി സമർപ്പിച്ച് പ്രകാശനം നടത്തും.