കേരള ബ്രഹ്മോസ് തലസ്ഥാനത്ത് തുടർന്നേക്കും
തിരുവനന്തപുരം:ഓപ്പറേഷൻ സിന്ദൂറിലൂടെ താരമായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ നിർമ്മാണ ഉപകേന്ദ്രം തലസ്ഥാനത്ത് ചാക്കയിൽ തുടർന്നേക്കും.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേ വികസിപ്പിക്കുന്നതിന് ബ്രഹ്മോസിന്റെ വക 18.5 ഏക്കർ ഭൂമിയിൽ നിന്ന് 4.5 ഏക്കർ വിട്ടുനൽകാൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. പകരം പാറശാലയ്ക്കടുത്ത് നെട്ടുകാൽത്തേരിയിൽ 189ഏക്കർ സ്ഥലം നൽകാമെന്നും അറിയിച്ചു.ഇതോടെയാണ്,ബ്രഹ്മോസ് ചാക്കയിൽ നിന്ന് മാറ്റുമെന്ന അഭ്യൂഹം ഉയർന്നത്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരും സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ഡി.ആർ.ഡി.ഒയും അന്തിമ തീരുമാനമെടുത്തിട്ടില്ല.
ബ്രഹ്മോസിന്റെ നിർഭയ എൻജിൻ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ നിർമ്മിക്കുന്നത് തിരുവനന്തപുരത്താണ്.ഓപ്പറേഷൻ സിന്ദൂരിന് ശേഷം നിരവധി വിദേശ ഓർഡറുകൾ വന്ന സാഹചര്യത്തിൽ ഏതെങ്കിലും നിർമ്മാണകേന്ദ്രം അടച്ചു പൂട്ടുൽ പരിഗണനയിലില്ലെന്നാണ്
അറിയുന്നത്.ഫിലിപ്പൈൻസിനുള്ള ഓർഡറാണ് ഇപ്പോൾ നിർമ്മിക്കുന്നത്. 375 ദശലക്ഷം ഡോളറിന്റെ ആദ്യ ബാച്ച് ഓർഡർ നൽകിക്കഴിഞ്ഞു.വിയറ്റ്നാമും 700ദശലക്ഷം ഡോളറിന്റെ ഓർഡറിന്റെ ചർച്ചയിലാണ്.ഇന്തോനേഷ്യ, ഒമാൻ, മലേഷ്യ, തായ്ലൻഡ്, സിംഗപ്പൂർ,ബ്രൂണൈ,ഈജിപ്ത്,സൗദി അറേബ്യ,യു.എ.ഇ, ഖത്തർ ബ്രസീൽ,ചിലി,അർജന്റീന, വെനസ്വേല തുടങ്ങിയ രാജ്യങ്ങളും ബ്രഹ്‌മോസിനായി സമീപിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന
സൂചന.
ഇന്ത്യ- റഷ്യ
സംയുക്ത സംരംഭം
റഷ്യയുമായി സഹകരിച്ച് 2001ലാണ് ഇന്ത്യ ബ്രഹ്‌മോസ് മിസൈൽ വികസിപ്പിച്ചത്. ഡി.ആർ.ഡി.ഒയും റഷ്യയുടെ എൻപിഒ എമ്മും ചേർന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ് ലിമിറ്റഡ്. 2008ൽ കേരളം സൗജന്യമായി നൽകിയ സ്ഥലത്താണ് കെൽടെക് കമ്പനിയെ ഏറ്റെടുത്ത് ബ്രഹ്മോസ് തിരുവനന്തപുരത്ത് തുടങ്ങിയത്.നിർഭയ എൻജിനും മറ്റ് ചില മിസൈൽ ഭാഗങ്ങളുമാണിവിടെ നിർമ്മിക്കുന്നത്.എയർപോർട്ടിനായി ഭൂമി ഏറ്റെടുക്കുമ്പോൾ നിർഭയ എൻജിൻ യൂണിറ്റ് പൊളിക്കേണ്ടി വരും.ഇതിന് പകരമായാണ് നെട്ടുകാൽത്തേരിയിൽ പൂർണ്ണസജ്ജമായ യൂണിറ്റ് തുടങ്ങാമെന്ന നിർദ്ദേശം.
എന്നാൽ 18.5 ഏക്കറിൽ ബാക്കിയാകുന്ന 11ഏക്കറിൽ യൂണിറ്റ് നിർമ്മാണം നിലനിറുത്തണമെന്ന നിർദ്ദേശവുമുണ്ട്.നെട്ടുകാൽത്തേരിയിൽ ജയിൽ വകുപ്പിന്റെ കൈയ്യിലുള്ള സ്ഥലമാണ് കൈമാറാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. ശബ്ദത്തെക്കാൾ നാലിരട്ടി വേഗത്തിൽ കുതിക്കാനാകുന്നതും ,പ്രഹരശേഷിയുടേ കൃത്യതയുമാണ് ബ്രഹ്മോസിനെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്നത്.400 കിലോമീറ്ററാണ് റേഞ്ച്.