കേസൊതുക്കാൻ കൈക്കൂലി: ഇ.ഡി ഉദ്യോഗസ്ഥനെ ചോദ്യംചെയ്ത് വിട്ടയച്ചു
കൊച്ചി: കേസ് ഒതുക്കാൻ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലെ മുഖ്യപ്രതിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊച്ചി യൂണിറ്റ് മുൻ അസി. ഡയറക്ടർ ശേഖർ കുമാറിനെ വിജിലൻസ് ആറു മണിക്കൂർ ചോദ്യംചെയ്തശേഷം വിട്ടയച്ചു. ഇന്ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചിട്ടുണ്ട്. ചോദ്യംചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചതാണ് അറസ്റ്റ് സാദ്ധ്യത കൂട്ടുന്നത്.
ഇന്നലെ രാവിലെ 10.45ഓടെയാണ് ശേഖർകുമാർ വിജിലൻസിന്റെ എറണാകുളത്തെ ആസ്ഥാനത്ത് അഭിഭാഷകനൊപ്പം ഹാജരായത്. വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. നാലാം പ്രതിയായ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യരും ശേഖർ കുമാറും തമ്മിൽ പ്രത്യേക ആപ്പിലൂടെ സംസാരിച്ചതിന്റെ തെളിവുകളടക്കം നിരത്തിയുള്ള ചോദ്യങ്ങൾക്ക് കാര്യമായ മറുപടി ഉണ്ടായിരുന്നില്ല.
അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും ചിലകാര്യങ്ങൾ കൂടി അറിയേണ്ടതിനാലാണ് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതെന്നും എസ്.പി എസ്. ശശിധരൻ കേരളകൗമുദിയോട് പറഞ്ഞു.
രണ്ടാഴ്ചയ്‌ക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന നിർദ്ദേശത്തോടെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. കാലാവധി അവസാനിക്കാനിരിക്കെയാണ് ശേഖർകുമാർ ഹാജരായത്.
കൊല്ലത്തെ കശുവണ്ടി വ്യവസായിയായ അനീഷിന്റെ പേരിലുള്ള കേസ് ഒഴിവാക്കാൻ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. തമ്മനം സ്വദേശി വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുകേഷ് എന്നിവരാണ് മറ്റ് പ്രതികൾ.
വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരത്ത്
കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ ഒന്നേകാൽ വയസുകാരിയായ മകൾ വൈഭവിക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ ചന്ദനത്തോപ്പ് രജിതഭവനിൽ വിപഞ്ചികയുടെ മൃതദേഹം ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചു. രാത്രി 11.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ റീ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിക്കും. വൈകിട്ട് വീട്ടുവളപ്പിൽ സംസ്കാരം.
മുംബയ് ട്രെയിൻ സ്ഫോടനക്കേസ്: പ്രതികളെ വെറുതെവിട്ടതിൽ വാദം കേൾക്കാൻ സുപ്രീംകോടതി
ന്യൂഡൽഹി: 2006ലെ മുംബയ് ട്രെയിൻ സ്ഫോടന പരമ്പരയിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ട ബോംബെ ഹൈക്കോടതി നടപടിയിൽ അടിയന്തരമായി വാദം കേൾക്കാൻ സുപ്രീംകോടതി. തിങ്കളാഴ്ച വിധി വന്നതിന് പിന്നാലെ അതിവേഗം അപ്പീൽ തയ്യാറാക്കി മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. അടിയന്തരമായി വാദം കേൾക്കണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത,ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയോട് ഇന്നലെ ആവശ്യപ്പെട്ടു. ഇതോടെ നാളെ വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അതീവഗൗരവമുള്ള വിഷയമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചപ്പോൾ,പ്രതികൾ ജയിൽമോചിതരായെന്നാണ് മാദ്ധ്യമങ്ങളിൽ കാണുന്നതെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.