മത്സ്യങ്ങളിൽ രാസ സാന്നിദ്ധ്യമില്ലെന്ന് കേന്ദ്രസർക്കാർ

Wednesday 23 July 2025 12:00 AM IST

ന്യൂഡൽഹി : കേരളത്തിൽ രണ്ടിടങ്ങളിലുണ്ടായ കപ്പൽ അപകടങ്ങളുമായി ബന്ധപ്പെട്ട് മത്സ്യങ്ങളിൽ രാസ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രസർക്കാർ ലോക്‌സഭയെ അറിയിച്ചു. കെ.സി. വേണുഗോപാൽ എം.പിയുടെ ചോദ്യത്തിനാണ് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ മറുപടി നൽകിയത്. കടൽ വെള്ളത്തിന്റെയും മത്സ്യത്തിന്റെയും സാമ്പിളുകളുടെ പ്രാഥമിക പരിശോധനയിൽ എണ്ണയുടെ അംശമില്ല. അപകടകരമായ രാസവസ്‌തുക്കളുടെ സാന്നിദ്ധ്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ആലപ്പുഴ ജില്ലയിൽ നാലു ഡോൾഫിന്റെയും ഒരു തിമിംഗലത്തിന്റെയും ജഡങ്ങൾ കരയ്‌ക്കടിഞ്ഞത് ശ്രദ്ധയിൽപ്പെട്ടു. അതിന്റെ കാരണം കണ്ടെത്താൻ പഠനം നടത്തിയിട്ടില്ല. കപ്പൽ അപകടത്തെ തുടർന്നുള്ള മത്സ്യബന്ധന നിരോധനം കാരണം 106.51 കോടി രൂപയുടെ വരുമാന നഷ്‌ടമുണ്ടായതായി കേരളം അറിയിച്ചെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.