ഷോക്കേറ്റ് മിഥുന്റെ മരണം: ഹെഡ്മിസ്ട്രസ് അടക്കം മൂന്ന് പേരെ പ്രതികളാക്കി

Wednesday 23 July 2025 12:00 AM IST

കൊല്ലം: തേവലക്കര ബോയ്സ് എച്ച്.എസിലെ എട്ടാം ക്ലാസുകാരൻ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നുപേരെ ഇന്നലെ പ്രതിചേർത്തു. സ്കൂൾ മാനേജർ തുളസീധരൻപിള്ള, ഹെഡ്മിസ്ട്രസ് എസ്.സുജ, കെ.എസ്.ഇ.ബി അസി. എൻജിനിയർ എന്നിവരെയാണ് പ്രതികളാക്കിയത്. നേരത്തെ ചുമത്തിയിരുന്ന അസ്വാഭാവിക മരണം മാറ്റി മനപൂ‌ർവമല്ലാത്ത നരഹത്യ ചുമത്തി ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് നൽകി.

ഇന്നലെ അന്വേഷണ സംഘം അദ്ധ്യാപകർ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ, മിഥുന്റെ ബന്ധുക്കൾ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തും. ഇവ പരിശോധിച്ച ശേഷം മുൻ മാനേജർമാർ, കൂടുതൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവരെ പ്രതികളാക്കാനും സാദ്ധ്യതയുണ്ട്. കുറ്റകരമായ നരഹത്യ ചുമത്തുന്നത് സംബന്ധിച്ച് അന്വേഷണ സംഘം ജില്ലാ ഗവ. പ്ലീഡറോട് നിയമോപദേശം തേടിയിട്ടുണ്ട്. സംഭവത്തിൽ കെ.എസ്.ഇ.ബിയുടെ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്.

തേവലക്കര സ്കൂൾ ഇന്ന് തുറക്കും

മിഥുൻ ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ അടച്ച തേവലക്കര ബോയ്സ് എച്ച്.എസും തേവലക്കര ഗേൾസ് എച്ച്.എസും ഇന്ന് തുറക്കും. രണ്ട് സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് ബാലാവകാശ കമ്മിഷന്റെ നിർദ്ദേശപ്രകാരമുള്ള കൗൺസലിംഗ് ഇന്ന് ആരംഭിക്കും. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 9.15 ഓടെയാണ് സ്കൂളിൽ വച്ച് മിഥുൻ ഷോക്കേറ്റ് മരിച്ചത്.