5 വർഷം, ഷോക്കേറ്റ് മരിച്ചത് 1,133 പേർ

Wednesday 23 July 2025 12:00 AM IST

കോട്ടയം: കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി മിഥുനടക്കം കണ്ണീരോർമ്മയാകുമ്പോൾ സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഷോക്കേറ്റ് മരിച്ചത് 1,​133 പേർ. 1844 അപകടങ്ങളുണ്ടായി. 741 പേർക്ക് പരിക്കേറ്റു. ഒരാഴ്ചയ്ക്കിടെ മൂന്നു പേർക്കാണ് ജീവൻ നഷ്ടമായത്. ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെ കണക്കിൽ ഒരുവർഷം ശരാശരി 220 പേർ ഷോക്കേറ്റ് മരിക്കുന്നുണ്ട്.

മഴക്കാലത്താണ് മരണം കൂടുതൽ. വൈദ്യുതിലൈൻ പൊട്ടിയും വൈദ്യുതിലൈനിൽ ഇരുമ്പ് തോട്ടി, ഗോവണി എന്നിവ തട്ടിയും അറ്റുകുറ്റപ്പണിക്കിടെയുമാണ് അപകടവും മരണവുമേറെ. ഷോർട്ട് സർക്യൂട്ട് മൂലമുള്ള തീപിടിത്തവും വർദ്ധിച്ചു. പാലക്കാട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഷോക്കേറ്റുള്ള മരണങ്ങൾ കൂടുതൽ.

വൈദ്യുതാഘാതമേറ്റ് ചാകുന്ന മൃഗങ്ങളുടെ എണ്ണവും വർദ്ധിച്ചു. അഞ്ചു വർഷത്തിനിടെ 335 മൃഗങ്ങളാണ് ചത്തത്. അഞ്ചുവർഷം മുൻപ് ഷോക്കേറ്റ് ചാകുന്ന മൃഗങ്ങളുടെ എണ്ണം ശരാശരി 50 ആയിരുന്നെങ്കിൽ ഇപ്പോഴത് 65ന് മുകളിലായി.

ഷോക്കേറ്റ് മരണം

2020-2021: 242

2021-22: 236

2022-23: 209

2023-24: 205

2024-25: 241

അപകടങ്ങൾക്ക് കാരണം

1.സുരക്ഷയില്ലാത്ത വൈദ്യുതി ലൈൻ, ഉപകരണങ്ങൾ എന്നിവയിൽ നിന്നുള്ള വൈദ്യുതാഘാതം

2.സുരക്ഷയില്ലാതെ വൈദ്യുതി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതുമൂലം

3.പ്രവർത്തനക്ഷമമല്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനിടെ

4.അനധികൃത വൈദ്യുതി ഉപയോഗിച്ചുള്ള വേലികളിൽ നിന്ന്

''കെ.എസ്.ഇ.ബി ഉത്തരവാദിത്വത്തോടെ പെരുമാറണം. പരിഷ്കാരങ്ങൾ ഉൾപ്പെടെയുള്ള മാറ്റങ്ങൾക്ക് തയ്യാറാകണം

-ഡിജോ കാപ്പൻ,

പൊതുപ്രവർത്തകൻ