കാർഡോസിന്റെ കൈകളിൽ വി.എസിന്റെ ജുബ്ബ ഭദ്രം
ആലപ്പുഴ: വി.എസ് എന്ന ചുരുക്കെഴുത്തിനൊപ്പം ജനഹൃദയങ്ങളിൽ തെളിയുന്നൊരു ചിത്രമുണ്ട്. ദേഹത്തോട് ഒട്ടിച്ചേർന്ന വെളുത്ത നീളൻ ജുബ്ബ കൈമുട്ട് വരെ തെറുത്ത് ജനാഭിമുഖനായി നിൽക്കുന്ന സമരനായകൻ. ആലപ്പുഴയിലെ തയ്യൽ തൊഴിലാളിയിൽ നിന്ന് ഇന്ത്യയിലെ എണ്ണം പറഞ്ഞ രാഷ്ട്രീയ നേതാവായി ഉയർന്ന വി.എസ്.അച്യുതാനന്ദന് 30 വർഷത്തിലധികം ഒറ്റ തയ്യൽക്കാരനാണ് ഉണ്ടായിരുന്നത്. ആലപ്പുഴ ആശ്രമം വാർഡിൽ ചെട്ടിവേലിക്കകത്ത് വിലേറിയൻ കാർഡോസ് എന്ന എഴുപതുകാരൻ. മുഖ്യമന്ത്രിയാകുന്നതിനും ഒരുപാട് വർഷങ്ങൾക്ക് മുമ്പൊരു ദിവസമാണ് വിലേറിയൻ കാർഡോസ് ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപം നടത്തിയിരുന്ന 'കാർഡോസ് ' ടെയ്ലറിംഗ് ഷോപ്പിലേക്ക് അപ്രതീക്ഷിതമായി വി.എസ് എത്തിയത്. ജുബ്ബ തയ്ക്കണമെന്നതായിരുന്നു ആവശ്യം. നിബന്ധനകളുണ്ട്. കഴുത്തിനോടു ചേർന്ന് പ്രസ് ബട്ടൺ വേണം. ദേഹത്തോട് ഒട്ടി നിൽക്കണം. രണ്ടുവശത്തും പോക്കറ്റുകൾ വേണം... 30 വർഷം മുമ്പ് ആരംഭിച്ച ആ തയ്യൽ ബന്ധം അനാരോഗ്യത്തെ തുടർന്ന് പൊതുവേദിയിൽ നിന്ന് വി.എസ് മടങ്ങുംവരെ തുടർന്നു. ആദ്യം നേരിട്ടെത്തിയിരുന്ന വി.എസ് പിന്നീട് സഹായികൾ മുഖാന്തരം തുണി എത്തിക്കാൻ തുടങ്ങി. ഇടക്കാലത്ത് ഓയിൽ തുണിയിൽ നിന്ന് ഖാദിയിലേക്ക് മാറി. ഓരോ തവണയും 10 ജുബ്ബയെങ്കിലും തയ്ക്കാനുണ്ടാവും. ഓരോ തിരുവോണത്തിനും വി.എസ് ആലപ്പുഴയിലെ വീട്ടിലെത്തുമ്പോൾ ഓണക്കോടിയായി ഒരു ജുബ്ബയും കൈയിൽ കരുതി വിലേറിയൻ കാർഡോസ് വേലിക്കകത്ത് വീട്ടിലെത്തുമായിരുന്നു. 2019ലെ ഓണക്കാലത്താണ് അവസാനമായി സമ്മാനം കൈമാറിയത്. വീട്ടിലെത്തുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ വസുമതിയമ്മയാണ് അകത്തേക്ക് സ്വീകരിക്കാറ്. ക്രിസ്മസിന് കേക്കുമായി ക്ലിഫ് ഹൗസിലെത്തുന്ന പതിവുണ്ടായിരുന്നു കാർഡോസിന്. സുഖമില്ലാത്ത സമയത്ത് തിരുവനന്തപുരത്തെ വീട്ടിലെത്തി കാണാൻ ആഗ്രഹിച്ചിരുന്നു. വിവരങ്ങൾ തിരക്കി ഫോൺ ചെയ്തപ്പോൾ നേരിൽ കണ്ടാലും കാർഡോസിനെ അദ്ദേഹം തിരിച്ചറിയില്ലെന്നാണ് വസുമതിയമ്മ മറുപടി നൽകിയത്. അതിനാൽ യാത്ര ഒഴിവാക്കി. ഇന്നലെ അവസാനമായി അർപ്പിക്കാൻ ഒരുപിടി ഓർമ്മപ്പൂക്കളുമായാണ് വേലിക്കകത്ത് വീട്ടുമുറ്റത്ത് കാർഡോസ് കാത്തുനിന്നത്.