ഹർമൻപ്രീതിന് സെഞ്ച്വറി, ഇന്ത്യ 318/5

Tuesday 22 July 2025 11:30 PM IST

ലണ്ടൻ :ഇംഗ്ളണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്ടൻ ഹർമൻപ്രീത് കൗറിന്റെ സെഞ്ച്വറിയുടെ (102 )മികവിൽനിശ്ചിത 50 ഓവറിൽ 318/5 എന്ന സ്കോറിലെത്തി.

ഓപ്പണിംഗിൽ പ്രതികാ റാവലും (26) സ്മൃതി മൻഥാനയും (45) ചേർന്ന് 64 റൺസ് കൂട്ടിച്ചേർത്തു. പ്രതിക പുറത്തായപ്പോഴെത്തിയ ഹർലീൻ ഡിയോളും 45 റൺസ് നേടി മടങ്ങി. തുടർന്ന് സെഞ്ച്വറി നേടിയ നായിക ഹർമൻപ്രീത് കൗറും അർദ്ധസെഞ്ച്വറിനേടിയ ജമീമ റോഡ്രിഗസും (50) ചേർന്ന് 272ലെത്തിച്ചു.

നേരിട്ട 82-ാമത്തെ പന്തിലാണ് ഹർമൻപ്രീത് സെഞ്ച്വറി നേടിയത്.

7 ഹർമൻപ്രീതിന്റെ ഏഴാം ഏകദിന സെഞ്ച്വറി

4000 തികച്ച് ഹർമൻപ്രീത്

ഏകദിന ഫോർമാറ്റിൽ 4000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതാ ക്രിക്കറ്ററായി നായിക ഹർമൻപ്രീത് സിംഗ്. മുൻ നായിക മിഥാലി രാജ്, ഇപ്പോഴത്തെ വൈസ് ക്യാപ്ടൻ സ്മൃതി മാൻഥന എന്നിവരാണ് നേരത്തേ ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. ഇംഗ്ളണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ വ്യക്തിഗത സ്കോർ 33 റൺസിൽ എത്തിയപ്പോഴാണ് ഹർമൻ ഈ നേട്ടത്തിലെത്തിയത്. 36കാരിയായ ഹർമന്റെ 149-ാമത് ഏകദിന മത്സരമായിരുന്നു ഇത്. 2009 ലോകകപ്പിൽ പാകിസ്ഥാനെതിരെ അരങ്ങേറ്റം കുറിച്ച ഹർമൻപ്രീത് 337 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടുണ്ട്.2017 ലോകകപ്പിന്റെ സെമിയിൽ ഓസ്ട്രേലിയയ്ക്ക് എതിരെ 115 പന്തുകളിൽ പുറത്താകാതെ നേടിയ 171 റൺസാണ് ഇന്നും ഏകദിനത്തിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ.