മറിയരുത്, മാഞ്ചസ്റ്ററിലും
ഇന്ത്യ- ഇംഗ്ളണ്ട് നാലാം ടെസ്റ്റ് ഇന്നുമുതൽ മാഞ്ചസ്റ്ററിൽ
പരമ്പര നഷ്ടമാകാതിരിക്കാൻ ഗില്ലും സംഘവും
മാഞ്ചസ്റ്റർ : ആദ്യ മൂന്നുടെസ്റ്റുകളിൽ രണ്ടെണ്ണൽ തോറ്റുപോയ ഇന്ത്യ അഞ്ചുമത്സര പരമ്പര കൈമോശം വരാതിരിക്കാനായി ഇന്ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോൾഡ് സ്റ്റേഡിയത്തിലിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് മുന്നിൽ ചോദ്യചിഹ്നമായുള്ളത് കളിക്കാരുടെ പരിക്കും പ്ളേയിംഗ് ഇലവനെ ഒരുക്കലും മുതൽ മത്സരവേദിയുടെ ചരിത്രവും വരെ.
ആൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി, പേസർമാരായ അർഷ്ദീപ് സിംഗ്, ആകാശ്ദീപ് സിംഗ്, വിക്കറ്റ് കീപ്പർ റിഷഭ് പന്ത് എന്നിവരാണ് പരിക്കിന്റെ പിടിയിലുള്ളത്. പരിശീലനത്തിനിടെ പരിക്കേറ്റ നിതീഷിന് അവസാന രണ്ട് മത്സരങ്ങളും കളിക്കാനാവില്ല. ബൗൾ ചെയ്യുന്ന കൈപ്പത്തിക്ക് മുറിവേറ്റ് തുന്നലിട്ടിരിക്കുന്ന അർഷ്ദീപിന് ഈ ടെസ്റ്റിൽ കളിക്കാനാവില്ല. അടിവയറ്റിലെ മസിലിനേറ്റ പരിക്കാണ് ആകാശ്ദീപിന് വിന.
പ്ളേയിംഗ് ഇലവനിൽ പേസർ ജസ്പ്രീത് ബുംറ കളിക്കുമെന്നാണ് സൂചന. അവസാന രണ്ട് ടെസ്റ്റുകളിൽ ഒന്നിൽ മാത്രമേ കളിക്കുകയുള്ളൂയെന്ന് നേരത്തേ ടീം മാനേജ്മെന്റ് അറിയിച്ചിരുന്നു.അർഷ്ദീപിന് പകരം ഇന്ത്യയിൽ നിന്ന് ടീമിലേക്ക് വിളിപ്പിച്ച അൻഷുൽ കാംബോജ് ഈ സാഹചര്യത്തിൽ പ്ളേയിംഗ് ഇലവനിലെത്തിയേക്കും. നിതീഷിന് പകരം പേസ് ബൗളിംഗ് ആൾറൗണ്ടറായി ശാർദൂൽ താക്കൂർ കളിച്ചേക്കും. സിറാജും കൂടിയാകുമ്പോൾ മാഞ്ചസ്റ്ററിൽ നാലുപേസർമാരെ അണിനിരത്താൻ ഇന്ത്യയ്ക്കാകും. സ്പെഷ്യലിസ്റ്റ് സ്പിന്നറായി ജഡേജയുണ്ടാകും.കഴിഞ്ഞ ടെസ്റ്റിൽ ഡൈവ് ചെയ്യുന്നതിനിടെ പരിക്കേറ്റ റിഷഭ് പന്ത് വിക്കറ്റ്കീപ്പ് ചെയ്തിരുന്നില്ല. ഈ ടെസ്റ്റിൽ റിഷഭ് വിക്കറ്റ് കീപ്പ് ചെയ്യുമെന്ന് ക്യാപ്ടൻ ശുഭ്മാൻ ഗിൽ ഇന്നലെ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. റിഷഭ് വിക്കറ്റ് കീപ്പിംഗിനില്ലെങ്കിൽ ധ്രുവ് ജുറേലിനെ ഇലവനിൽ ഉൾപ്പെടുത്തേണ്ടിവരും. യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, കെ.എൽ രാഹുൽ എന്നിവർക്കൊപ്പം കരുൺ നായരെ നിലനിറുത്തണോ സായ് സുദർശനെ കളിപ്പിക്കണോ എന്ന സംശയമുണ്ട്. വാഷിംഗ്ടൺ സുന്ദറിനും കുൽദീപിനും അവസരം ലഭിക്കുന്ന കാര്യം ഉറപ്പില്ല.
ഇന്ത്യയ്ക്ക് ഇതുവരെ ടെസ്റ്റ് വിജയം നേടാനായിട്ടില്ലാത്ത വേദിയാണ് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോൾഡ്. ചരിത്രം തിരുത്തിക്കുറിക്കുന്ന ഒരു പ്രകടനത്തിലൂടെ മാത്രമേ ഇവിടെ വിജയം നേടാനാകൂ. 9 ടെസ്റ്റുകളാണ് ഇന്ത്യ ഇതുവരെ ഇവിടെ ഇംഗ്ളണ്ടിനെതിരെ കളിച്ചത്. അതിൽ നാലെണ്ണത്തിൽ ഇംഗ്ളണ്ട് ജയിച്ചു. അഞ്ചെണ്ണം സമനിലയിലായി.
2014ലാണ് ഇന്ത്യ മാഞ്ചസ്റ്ററിൽ അവസാനമായി ടെസ്റ്റ് കളിച്ചത്. അന്ന് ധോണി നയിച്ച ഇന്ത്യ ഇന്നിംഗ്സിനും 54 റൺസിനുമാണ് തോറ്റത്.
വെല്ലുവിളി ഗംഭീറിന്
- ഗംഭീറിന് കീഴിൽ കളിച്ച 12 ടെസ്റ്റുകളിൽ ഇന്ത്യയ്ക്ക് ജയിക്കാനായത് മൂന്നെണ്ണത്തിൽ മാത്രമാണ്.
- സ്വദേശത്തും വിദേശത്തുമായി എട്ടാമത്തെ തോൽവിയായിരുന്നു ലോഡ്സിലേത്. ഒരു സമനിലയും വഴങ്ങി.
- ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിൽ മൂന്നുടെസ്റ്റുകൾ തുടർച്ചയായി തോറ്റത് വലിയ നാണക്കേടായി മാറി.
- ഇന്ത്യൻ മണ്ണിൽ വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയത്.
- അതിന് പിന്നാലെയാണ് ഓസ്ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് പരമ്പര തോറ്റത്.
പരമ്പരയിൽ ഇതുവരെ
ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇംഗ്ളണ്ടിന് അഞ്ചുവിക്കറ്റ് ജയം.
ബർമ്മിംഗ്ഹാമിലെ രണ്ടാം ടെസ്റ്റിൽ 336 റൺസിന് ജയിച്ച് ഇന്ത്യ.
ലോഡ്സിൽ മൂന്നാം ടെസ്റ്റിൽ ഇംഗ്ളണ്ടിന്റെ ജയം 22 റൺസിന്
ഇന്ത്യൻ ഇലവൻ ഇവരിൽ നിന്ന് ശുഭ്മാൻ ഗിൽ (ക്യാപ്ടൻ), റിഷഭ് പന്ത് ( വൈസ് ക്യാപ്ടൻ), രാഹുൽ, ജയ്സ്വാൾ, സായ് സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, അൻഷുൽ കാംബോജ് , രവീന്ദ്ര ജഡേജ,ധ്രുവ് ജുറേൽ,വാഷിംഗ്ടൺ സുന്ദർ,ശാർദ്ദൂൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്,പ്രസിദ്ധ് കൃഷ്ണ, അകാശ്ദീപ്, കുൽദീപ്.
ഡാസൺ ഇലവനിൽ നാലാം ടെസ്റ്റിനുള്ള ഇംഗ്ളണ്ടിന്റെ പ്ളേയിംഗ് ഇലവനെ പ്രഖ്യാപിച്ചു. കഴിഞ്ഞടെസ്റ്റിൽ കളിച്ച ടീമിൽ ഒരു മാറ്റമേയുള്ളൂ. പരിക്കേറ്റ സ്പിന്നർ ഷൊയ്ബ് ബഷീറിന് പകരം ലിയാം ഡാസൺ കളിക്കും.
ഇംഗ്ളണ്ട് ഇലവൻ : സാക്ക് ക്രാവ്ലി, ബെൻ ഡക്കറ്റ്,ഒല്ലീ പോപ്പ്, ജോ റൂട്ട് ,ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്ടൻ) , ക്രിസ് വോക്സ്,ജാമീ സ്മിത്ത്, ബ്രണ്ടൻ കാഴ്സ്,ജൊഫ്ര ആർച്ചർ, ലിയാം ഡാസൺ.
3.30 pm മുതൽ സോണി സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും ലൈവ്.