വി.എസ് ഇടപെട്ടില്ലായിരുന്നെങ്കിൽ...
തിരുവനന്തപുരം: നാട്ടിലെ സ്പിന്നിംഗ് മിൽ പൂട്ടിപ്പോകുമെന്ന അവസ്ഥ വന്നപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് ഇടപെട്ട കഥ പറയുമ്പോൾ ബാലരാമപുരം സ്വദേശി വസന്തകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അന്ന് വി.എസ് ഇടപെട്ടില്ലായിരുന്നെങ്കിൽ പട്ടിണി കിടന്ന് മരിക്കേണ്ടി വന്നേനെയെന്ന് അവർ ഓർത്തെടുത്തു.
വീടിരിക്കുന്ന സ്ഥലത്തിനോട് ചേർന്ന ഭൂമി, അയൽവാസി ജെ.സി.ബി കൊണ്ട് ഇടിച്ചെടുത്തപ്പോൾ വീടിന്റെ അപകടാവസ്ഥയെക്കുറിച്ചുള്ള പരാതിയുമായി വി.എസിന് മുന്നിലെത്തിയ കാട്ടാക്കട സ്വദേശി ഗായത്രിക്ക് ലഭിച്ചത് മണിക്കൂറുകൾക്കകം നീതി. കന്റോൺമെന്റ് ഹൗസിൽ പരാതി സമർപ്പിച്ച് വീട്ടിലെത്തിയപ്പോൾ തങ്ങളെ കാത്തുനിന്നത് തഹസിൽദാരും സംഘവും. ആരോപണ വിധേയനൊപ്പം നിലയുറപ്പിച്ചിരുന്ന തഹസിൽദാർ നേരിട്ടെത്തിയാണ് ജെ.സി.ബി കസ്റ്റഡിയിലെടുത്തത്. അതായിരുന്നു വി.എസ് എന്ന് പറയുമ്പോൾ ഒപ്പമുണ്ടായിരുന്നവരും തലകുലുക്കി.
മണ്ണിനും മനുഷ്യനും വേണ്ടി പ്രവർത്തിക്കുമ്പോൾ അദ്ദേഹത്തിന് വല്ലാത്തൊരു ആവേശമുണ്ടായിരുന്നുവെന്ന് വി.എസിനെ അവസാനമായി ഒരുനോക്ക് കാണാൻ ദർബാർ ഹാളിലെത്തിയ ജനസഹസ്രം സാക്ഷ്യപ്പെടുത്തി.
അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം ദർബാർ ഹാളിലെത്തിയ അഞ്ച് വയസുകാരൻ പ്രണവിനും വി.എസ് അത്ഭുതമാണ്. ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും അപ്പൂപ്പനും അമ്മൂമ്മയും പറഞ്ഞു കേട്ട അറിവിൽ നിന്നും അവർക്കൊപ്പം ദർബാർ ഹാളിൽ എത്തിയതായിരുന്നു പ്രണവ്. നീട്ടിയും കുറുക്കിയുമുള്ള വി.എസിന്റെ പ്രസംഗം ടി.വിയിൽ കേട്ടിട്ടുമുണ്ട്.