എല്ലായിടത്തും ഓടിയെത്തി പിണറായി

Wednesday 23 July 2025 3:34 AM IST

തിരുവനന്തപുരം: വി.എസ് എന്ന ചെന്താരകം പൊലിഞ്ഞുവെന്നറിഞ്ഞ നിമിഷം എസ്.യു.ടി ആശുപത്രിയിലേക്ക് ആദ്യം പാഞ്ഞെത്തിയവരിൽ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ഇന്നലെ രാവിലെതന്നെ വി.എസിന്റെ ബാർട്ടൺ ഹില്ലിലെ വീട്ടിലെത്തിയിരുന്നു. ബന്ധുക്കളെ കണ്ടതിനുശേഷം സെക്രട്ടറിയേറ്റിലെത്തി ദർബാർ ഹാളിലെ ഒരുക്കങ്ങൾ വിലയിരുത്തി.തുടർന്നാണ് വിഎസിന്റെ ഭൗതികശരീരം വിലാപയാത്രയായി ദർബാർ ഹാളിലേക്കു കൊണ്ടുവന്നത്.

ഒരേ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചവരും ഒരേ ലക്ഷ്യത്തിനായി നിലകൊണ്ടവരുമായിരുന്നിട്ടും ഇരുവരും തമ്മിലുള്ള ബന്ധം സൗഹൃദവും ശത്രുതയും മാറിമാറി വന്ന സങ്കീർണ്ണ സമവാക്യമായിരുന്നു.

തിങ്കളാഴ്ച രാത്രി മാദ്ധ്യമങ്ങൾക്കു മുന്നിൽ സംസാരിക്കുമ്പോൾ വി.എസിന്റെ വേർപാട് പ്രസ്ഥാനത്തിന് എത്ര വലിയ നഷ്ടമാണെന്ന ചിന്ത പ്രകടമായിരുന്നു. ''വി.എസ് എന്ന രണ്ടക്ഷരം കേരളീയ സമൂഹത്തിൽ പോരാട്ടത്തിന്റെ പ്രതീകമായി വന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ അടയാളമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന് ദീർഘമായ ചരിത്രമുണ്ട്. കുട്ടിക്കാലം മുതൽ ആരംഭിച്ച സംഘടനാ പ്രവർത്തനം അവസാന നിമിഷം വരെ, രോഗശയ്യയിൽ കിടപ്പിലാകുന്നതുവരെ, ഊർജ്വസ്വലതയോടെ, ഒരു പോരാളിയുടെ നിശ്ചയ ദാർഢ്യത്തോടെ മുന്നോട്ടുകൊണ്ടുപോയ കമ്മ്യൂണിസ്റ്റ് നേതാവാണ് അദ്ദേഹം...'' എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

തിങ്കളാഴ്ച രാത്രി വി.എസിന്റെ ഭൗതികശരീരം എ.കെ.ജി സെന്ററിനു മുന്നിൽ എത്തിച്ചപ്പോൾ പിണറായി അനുഗമിച്ചിരുന്നു. ഇന്ന് നടക്കുന്ന സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്നലെ രാത്രിതന്നെ ആലപ്പുഴയിലേക്ക് പുറപ്പെടുകയും ചെയ്തു.