കരുൺ നായർ വീണ്ടും കർണാടകയിലേക്ക്

Tuesday 22 July 2025 11:36 PM IST

ബെംഗളുരു : രണ്ട് സീസണുകളായി വിദർഭയ്ക്ക് വേണ്ടി കളിക്കുന്ന മലയാളിയായ കരുൺ നായർ അടുത്ത സീസൺ മുതൽ ആഭ്യന്തര ക്രിക്കറ്റിൽ വീണ്ടും കർണാടകത്തിന്റെ കുപ്പായമണിയും. കർണാടകയാണ് കരുണിന്റെ ഹോം സ്റ്റേറ്റ്. ഇന്ത്യൻ ടീമിൽ നിന്ന് 2018ൽ പുറത്തായശേഷം ഫോമൗട്ടായിരുന്ന കരുൺ 2023ലാണ് വിദർഭയിലേക്ക് മാറിയത്. ഇക്കഴിഞ്ഞ രഞ്ജി ട്രോഫിയിൽ വിദർഭയെ കിരീടമണിയിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചു. കേരളത്തിനെതിരായ ഫൈനലിൽ ഉൾപ്പടെ നാലു സെഞ്ച്വറികൾ രഞ്ജിയിൽ നേടിയിരുന്നു. വിജയ് ഹസാരേ ട്രോഫിയിൽ തുടർച്ചയായി അഞ്ചു സെഞ്ച്വറികൾ നേടി. ഇതോടെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ കരുൺ ഇപ്പോൾ ഇംഗ്ളണ്ട് പര്യടനത്തിനുള്ള ടീമിലാണ്.