ചുവന്ന പൂക്കളുമായി ഹീറോയെ കാണാൻ...
തിരുവനന്തപുരം: ആദ്യമായും അവസാനമായും വി.എസിനെ ഒന്ന് കാണാനാണ് ഇന്നലെ ദർബാർ ഹാളിലെ നീണ്ട ക്യൂവിൽ മാതാപിതാക്കൾക്കൊപ്പം കുട്ടികളല്ലാം കാത്തുനിന്നത്. രാത്രിയിലും ചുവന്ന പൂക്കളുമായി പാതയോരത്തും അവരെത്തി. ഒന്നാം ക്ലാസുകാരി അവനിയും സഹോദരൻ അഞ്ചാം ക്ലാസുകാരൻ അഭിമന്യുവും വാശിപിടിച്ചാണ് അച്ഛൻ പ്രദീപിനൊപ്പം അരുവിപ്പുറത്തു നിന്നെത്തിയത്. യു ട്യൂബ് വീഡിയോകളിലെ അവരുടെ ഹീറോയാണ് വി.എസ്.അപ്പൂപ്പൻ
'തല നരക്കുവതല്ലെന്റെ വൃദ്ധത്വം, തല നരയ്ക്കാത്തതല്ലെൻ യുവത്വവും, കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുമ്പിൽ, തലകുനിക്കാത്ത ശീലമെൻ യൗവ്വനം'
എന്ന ടി.എസ്.തിരുമുമ്പിന്റെ കവിതചൊല്ലുന്ന വി.എസ് ന്റെ വീഡിയോ കണ്ടാണ് ശ്രീകാര്യം ലയോള സ്കൂളിലെ അഞ്ചാം ക്ലാസുകാരൻ മേഘരൂപന്റെ ഹീറോയായി വി.എസ് മാറിയത്. ഋതു, നേഹ, ആദ്വൈത്, ആദിൽ.... കുട്ടികളെല്ലാം കാത്തുനിന്നത് പ്രിയപ്പെട്ട വി.എസ് അപ്പൂപ്പനെ ഒന്നു കാണാനായിരുന്നു.
കൗമാരക്കാരിലേറെയും ആദ്യമായിട്ടാണ് വി.എസിനെ നേരിൽ കാണുന്നത്. ''കാണാതെ തന്നെ വായിച്ചും കേട്ടുമാണ് വി.എസ് ഞങ്ങളുടെ ആവേശമായി മാറിയത്. അതുകൊണ്ട് രാവിലെ തന്നെ വി.എസിന് അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തി''- ഗവ.വിമൻസ് കോളേജിലെ ചെയർപേഴ്സൺ ഫിദ .എ.ഫാത്തിമ പറഞ്ഞു.
വി.എസിന്റെ പ്രസംഗം നേരിൽ കേൾക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു,അതുണ്ടായില്ല. ഇത്രമേൽ ജനകീയ നേതാവിനെ അന്ത്യാഭിവാദ്യം അർപ്പിച്ചില്ലെങ്കിൽ അത് നീതികേടാകും- യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ വിദ്യാർത്ഥി ആതിരയും പറഞ്ഞു.