'ഓണക്കനി, നിറപ്പൊലിമ' പദ്ധതികൾക്ക് തുടക്കം
പാലക്കാട്: ഓണത്തിന് സദ്യയൊരുക്കാൻ വിഷരഹിത പച്ചക്കറികളും പൂക്കളമൊരുക്കാൻ പൂക്കളും വിപണിയിലെത്തിക്കാനൊരുങ്ങി കുടുംബശ്രീ. ഇതിനായി 'ഓണക്കനി', 'നിറപ്പൊലിമ' പദ്ധതികൾ തുടങ്ങി. കാർഷികമേഖലയിലേക്കാവശ്യമായ നടീൽവസ്തുക്കളുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ജൈവികപ്ലാന്റ് നഴ്സറികളെ ശാക്തീകരിക്കയും പദ്ധതിയുടെ ലക്ഷ്യമാണ്. 'ഓണക്കനി'യിൽ പാലക്കാട് ജില്ലയിലാകെ 328.5 ഏക്കറിലാണ് പച്ചക്കറിക്കൃഷി ചെയ്യുന്നത്. 'നിറപ്പൊലിമ'യിൽ 25.3 ഏക്കറിൽ പൂക്കൃഷിയും തുടങ്ങി. 190 സംഘകൃഷി ഗ്രൂപ്പുകളാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 57 കുടുംബശ്രീ സിഡിഎസുകളിൽ കൃഷിയാരംഭിച്ചു. പച്ചക്കറിക്കും ചെണ്ടുമല്ലിക്കുമൊപ്പം 10 സംഘകൃഷി ഗ്രൂപ്പുകൾ കുറ്റിമുല്ലക്കൃഷിയും ആരംഭിച്ചിട്ടുണ്ട്. കൃഷിചെയ്തുണ്ടാക്കുന്ന ഉത്പന്നങ്ങൾ ഓണച്ചന്തകളിലും നാട്ടുചന്തകളിലും വെജിറ്റബിൾ കിയോസ്‌കുകൾ വഴിയും വിപണനംചെയ്യാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ജെഎൽജി കർഷകർക്കാവശ്യമായ അത്യുത്പാദനശേഷിയുള്ള സങ്കരയിനം പച്ചക്കറിത്തൈകളും ചെണ്ടുമല്ലിത്തൈകളും ജില്ലയിലെ വിവിധ കുടുംബശ്രീ ജൈവിക പ്ലാന്റ് നഴ്സറികൾമഖേന തയ്യാറാക്കി നൽകുന്നുണ്ട്